ADVERTISEMENT

ഹൈദരാബാദ്∙ ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 28 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 190 റൺസിന്റെ ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യ തോറ്റത്. 231 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 69.2  ഓവറിൽ 202 റൺസെടുത്തു പുറത്തായി. ഹൈദരാബാദിലെ സ്പിൻ പിച്ചിൽ ഇംഗ്ലണ്ടിനെ വീഴ്ത്താമെന്ന് പ്രതീക്ഷിച്ച ഇന്ത്യ, ഇംഗ്ലിഷ് സ്പിന്നർമാർക്കു മുന്നിൽ അടിപതറുകയായിരുന്നു. സ്പിന്നർ ടോം ഹാർട്‍‌ലി ഏഴു വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിനിടെ ഇന്ത്യ തോൽവിയുടെ വക്കിൽ നില്‍ക്കുമ്പോൾ, ജസ്പ്രീത് ബുമ്രയെ പുറത്താക്കാൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് നടത്തിയ ഒരു നീക്കം ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. 66–ാം ഓവറിൽ ടോം ഹാർട്‍ലിയുടെ ഒരു പന്ത് ബുമ്രയ്ക്ക് അടിക്കാൻ സാധിച്ചിരുന്നില്ല. ബാറ്റിൽ തൊടാതെ പന്ത് വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെ കൈകളിലെത്തി.

ക്രീസിൽ കാലുകൾ ഉറപ്പിച്ച ശേഷം, അടുത്ത പന്തു നേരിടുന്നതിനു മുൻപ് ബുമ്ര ചെറുതായി ഒന്നു ചാടി. ഈ തക്കം നോക്കിയാണ് ബുമ്രയെ സ്റ്റംപ് ചെയ്യാൻ ഫോക്സ് ശ്രമിച്ചത്. ഇംഗ്ലിഷ് താരങ്ങൾ അപ്പീല്‍ ചെയ്തെങ്കിലും തേർഡ് അംപയർ നോട്ട് ഔട്ടാണ് വിധിച്ചത്. ബെയ്ൽസ് ഇളകുമ്പോൾ ബുമ്ര ക്രീസിൽ തൊട്ടിരുന്നതായി റീപ്ലേകളില്‍ തെളിഞ്ഞു. ക്രിക്കറ്റ് സ്പിരിറ്റിനെക്കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന ഇംഗ്ലിഷ് താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ നീക്കം ആരാധകരെയും അമ്പരപ്പിച്ചു.

പന്തെറിയുംമുൻപേ നോൺ സ്ട്രൈക്കർ ക്രീസ് വിട്ടിറങ്ങുമ്പോൾ റൺഔട്ടാക്കുന്ന രീതി അടക്കം ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റിന്’ ചേർന്നതല്ലെന്ന് ഇംഗ്ലിഷ് താരങ്ങൾ നേരത്തേ വാദിച്ചിരുന്നു. ‘മങ്കാദിങ്’ എന്ന പേരിൽ വിളിച്ചിരുന്ന പുറത്താക്കൽ രീതിയെ ഇന്ത്യന്‍ സ്പിന്നർ ആർ. അശ്വിൻ പിന്തുണച്ചിരുന്നു. ആഷസ് ടെസ്റ്റിനിടെ ഇംഗ്ലിഷ് താരം ജോണി ബെയർസ്റ്റോയെ ഓസീസ് വിക്കറ്റ് കീപ്പർ അലക്സ് ക്യാരി പുറത്താക്കിയതും ഇംഗ്ലണ്ട് വിവാദമാക്കി. പന്തു നേരിട്ട ശേഷം ക്രീസ് വിട്ട് പുറത്തിറങ്ങിയ ബെയർസ്റ്റോയെ അലക്സ് ക്യാരി പുറത്താക്കുകയായിരുന്നു. ഇത് ക്രിക്കറ്റ് സ്പിരിറ്റിനു ചേരുന്നതല്ലെന്നായിരുന്നു ഇംഗ്ലിഷ് താരങ്ങളുടെ വാദം. ഇതേ രീതിയിലാണ് ബുമ്രയെ പുറത്താക്കാൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് ശ്രമിച്ചത്.

English Summary:

Ben Foakes cheeky stumping appeal against Jasprit Bumrah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com