പണവും പ്രതിഭയുമുണ്ടായിട്ടും ഇന്ത്യയ്ക്ക് കിരീടമില്ല, രോഹിത് ശരാശരി ക്യാപ്റ്റൻ: വിമർശിച്ച് ഇംഗ്ലണ്ട് മുൻ താരം
Mail This Article
ലണ്ടൻ∙ ഹൈദരാബാദ് ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോഗൻ. പണവും പ്രതിഭയും ആവശ്യത്തിന് ഉണ്ടായിട്ടും, ഇന്ത്യയെ പോലെ നേട്ടങ്ങൾ ഇല്ലാത്ത ഒരു ടീമിനെയും താൻ കായിക ലോകത്ത് കണ്ടിട്ടില്ലെന്നാണ് മൈക്കൽ വോഗന്റെ പ്രതികരണം. ഒരു രാജ്യാന്തര മാധ്യമത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ തന്റെ നിലപാടു വ്യക്തമാക്കിയത്. ‘‘ഇന്ത്യൻ ടീമിന് എത്രയോ പ്രതിഭകളുണ്ട്. ക്രിക്കറ്റ് ഭരണത്തിന് ആവശ്യത്തിനു പണവുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊക്കെ എത്രയോ മികച്ചതാണ്. എന്നിട്ടും അവർക്കു പ്രധാനപ്പെട്ട കിരീടങ്ങളൊന്നും വിജയിക്കാൻ സാധിക്കുന്നില്ല. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാൻ ഇന്ത്യയ്ക്കു സാധിച്ചിട്ടില്ല.’’– മൈക്കൽ വോഗൻ പറഞ്ഞു.
‘‘ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചെന്നതു ശരിയാണ്. പക്ഷേ പരമ്പര ഇന്ത്യ തന്നെ സ്വന്തമാക്കാനാണു സാധ്യത. ഇന്ത്യ തിരിച്ചടിക്കുമെന്ന കാര്യം ഉറപ്പാണ്. ദക്ഷിണാഫ്രിക്കയോട് ആദ്യ ടെസ്റ്റിൽ തോറ്റശേഷം രണ്ടാം മത്സരത്തിൽ അവർ തിരിച്ചുവന്നു. എങ്ങനെയുള്ള പിച്ചുകൾ ഉണ്ടാക്കണം എന്ന കാര്യമാകും ഇന്ത്യ ഇനി ചിന്തിക്കുക. ഇതിൽ കൂടുതൽ പന്തു തിരിയുന്ന പിച്ചുകൾ ഇനിയെങ്ങനെ ഉണ്ടാക്കാൻ സാധിക്കും? ഇന്ത്യ ഫ്ലാറ്റ് പിച്ചുകൾ ഉണ്ടാക്കുന്നതായിരിക്കും നല്ലതെന്ന് പരമ്പര തുടങ്ങുന്നതിനു മുൻപേ ഞാൻ പറഞ്ഞിരുന്നതാണ്.’’– മൈക്കൽ വോഗൻ വ്യക്തമാക്കി.
ആദ്യ ടെസ്റ്റിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസി ശരാശരി മാത്രമായിരുന്നെന്നും മൈക്കൽ വോഗൻ വിമർശിച്ചു. ‘‘ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലിക്ക് രോഹിത് ശർമയുടെ കയ്യിൽ മറുപടി ഇല്ലായിരുന്നു. ആദ്യ മത്സരത്തിൽ ബാസ് ബോൾ ശൈലിക്കെതിരെ എതിർ ടീം ക്യാപ്റ്റൻ ബുദ്ധിമുട്ടുമെന്നതു ശരിയാണ്. ഇന്ത്യയാണ് ആ കെണിയിൽ ഒടുവിൽ വീണത്. രോഹിത് ശർമയുടെ ക്യാപ്റ്റൻസി ശരാശരി മാത്രമാണ്. ഒലി പോപ്പിന്റെ ബാറ്റിങ് മികവിനു മുന്നിൽ രോഹിത് ശർമയ്ക്കു മറുപടി ഇല്ലായിരുന്നു. ഇംഗ്ലണ്ടിന്റെ ശൈലി വച്ച് അവർക്ക് എപ്പോൾ വേണമെങ്കിലും ബൗണ്ടറി നേടാം എന്ന അവസ്ഥയായിരുന്നു.’’ ഇന്ത്യൻ ക്യാപ്റ്റന്റെ മനസ്സിൽ പ്ലാൻ ബി എന്നത് ഉണ്ടായിരുന്നില്ലെന്നും മൈക്കൽ വോൺ പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ 28 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 190 റൺസിന്റെ ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യ തോറ്റത്. 231 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 69.2 ഓവറിൽ 202 റൺസെടുത്തു പുറത്തായി. ഹൈദരാബാദിലെ സ്പിൻ പിച്ചിൽ ഇംഗ്ലണ്ടിനെ വീഴ്ത്താമെന്ന് പ്രതീക്ഷിച്ച ഇന്ത്യ, ഇംഗ്ലിഷ് സ്പിന്നർമാർക്കു മുന്നിൽ അടിപതറുകയായിരുന്നു. സ്പിന്നർ ടോം ഹാർട്‍ലി ഏഴു വിക്കറ്റുകൾ വീഴ്ത്തി.