വിമാനത്തിൽവച്ച് ദേഹാസ്വാസ്ഥ്യം: മയാങ്ക് അടുത്ത മത്സരത്തിനില്ല, പൊലീസ് അന്വേഷണം ആരംഭിച്ചു
Mail This Article
അഗർത്തല ∙ യാത്രയ്ക്ക് തൊട്ടുമുൻപ് വിമാനത്തിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച കർണാടക ക്യാപ്റ്റൻ മയാങ്ക് അഗർവാള്‍ രഞ്ജി ട്രോഫിയിലെ അടുത്ത മത്സരത്തിന് ഇറങ്ങില്ല. ഫെബ്രുവരി 2 മുതൽ സൂറത്തിൽ റെയിൽവേസിനെതിരെയാണ് കർണാടകയുടെ അടുത്ത മത്സരം ആരംഭിക്കുന്നത്. നിലവില്‍ അഗര്‍ത്തലയിലെ ഐഎൽഎസ് ആശുപത്രിയില്‍ ചികിത്സയിലുള്ള മയാങ്ക് വൈകാതെ ബെംഗളൂരുവിലേക്ക് മടങ്ങും. അതേസമയം വിമാനത്തിലെ സംഭവവുമായി ബന്ധപ്പെട്ട് മയാങ്ക് നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
മാനേജർ മുഖാന്തരം മയാങ്ക് പരാതി നൽകിയതായി വെസ്റ്റ് ത്രിപുര എസ്പി കിരൺ കുമാർ പറഞ്ഞു. ചികിത്സയിലുള്ള മയാങ്കിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും വിമാനത്തിലെ സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും എസ്പി വ്യക്തമാക്കി. അഗര്‍ത്തലയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം. ഇന്‍ഡിഗോയുടെ 6ഇ 5177 വിമാനത്തിലായിരുന്നു യാത്ര. വിമാനത്തിന്റെ സീറ്റിലുണ്ടായിരുന്ന പൗച്ചിലെ ദ്രാവകം വെള്ളമാണെന്നു കരുതി മയാങ്ക് കുടിക്കുകയും പിന്നാലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയുമായിരുന്നു.
ദ്രാവകം കുടിച്ചതിന് പിന്നാലെ സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടിയ താരത്തിന് വായയിലും തൊണ്ടയിലും പൊള്ളലും കുടലില്‍ നീര്‍ക്കെട്ടുമുണ്ടായിട്ടുണ്ട്. കുടിച്ചത് വെള്ളമാണോ ആസിഡ് പോലെയുള്ള മറ്റേതെങ്കിലും ദ്രാവകമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ത്യക്കായി 21 ടെസ്റ്റില്‍ കളിച്ചിട്ടുള്ള മയാങ്ക് രഞ്ജി മത്സരത്തില്‍ കര്‍ണാടകയെ നയിക്കുകയാണിപ്പോള്‍. ത്രിപുരക്കെതിരെ കര്‍ണാടക 29 റണ്‍സ് വിജയം നേടിയിരുന്നു. മയാങ്കിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ നികിൻ ജോസ് അടുത്ത മത്സരത്തിൽ കർണാടകയെ നയിക്കുമെന്നാണ് വിവരം.