വെള്ളമെന്ന് കരുതി ദ്രാവകം കുടിച്ചു, വിമാനത്തിൽവച്ച് ദേഹാസ്വാസ്ഥ്യം: മയാങ്ക് അഗർവാൾ ആശുപത്രിയിൽ
Mail This Article
അഗർത്തല ∙ യാത്ര പുറപ്പെടുന്നതിനു തൊട്ടുമുൻപ് വിമാനത്തിൽവച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കർണാടക ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ ഓപ്പണറുമായ മയാങ്ക് അഗർവാളിനെ അഗർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജി ട്രോഫിയിൽ ത്രിപുരയ്ക്കെതിരായ വിജയത്തിനുശേഷം രാജ്കോട്ട് വഴി ന്യൂഡൽഹിയിലേക്കുള്ള മടക്കയാത്രയ്ക്കു ടീമിനൊപ്പം എത്തിയതായിരുന്നു മയാങ്ക്.
വിമാനത്തിൽ കയറിയ ഉടൻ മയാങ്ക് പലവട്ടം ഛർദിച്ചതോടെ അദ്ദേഹത്തെ അഗർത്തലയിലെ ഐഎൽഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുപ്പത്തിമൂന്നുകാരൻ മയാങ്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. എന്നാൽ, എന്തു കാരണത്താലാണ് അദ്ദേഹത്തിനു ശാരീരിക ബുദ്ധിമുട്ടുണ്ടായതെന്നു സ്ഥിരീകരിച്ചിട്ടില്ല.
വിഷാംശം കലർന്ന ദ്രാവകം കുടിച്ചതിനെത്തുടർന്നു വായിലും തൊണ്ടയിലും പൊള്ളൽ അനുഭവപ്പെട്ട മയാങ്ക് വിമാനത്തിനുള്ളിൽ ഛർദിക്കുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ആരോഗ്യനില തൃപ്തികരമാണെങ്കിൽ ഉടൻതന്നെ മയാങ്ക് ബെംഗളൂരുവിലേക്കു പോകുമെന്നും സൂചനകളുണ്ട്.
കര്‍ണാടക ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മായങ്ക് സഹതാരങ്ങള്‍ക്കൊപ്പം രഞ്ജി ട്രോഫി മല്‍സരത്തിനായി അഗര്‍ത്തലയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം. ഇന്‍ഡിഗോയുടെ 6ഇ 5177 വിമാനത്തിലായിരുന്നു യാത്ര. യാത്രയ്ക്കിടെ മുന്‍പില്‍ ഒരു പൗച്ച് കാണുകയും വെള്ളമെന്ന് കരുതി മായങ്ക് അത് കുടിക്കുകയുമായിരുന്നെന്ന് ത്രിപുര ആരോഗ്യ സെക്രട്ടറി കിരണ്‍ ഗിറ്റെ പറഞ്ഞു.