100 ടെസ്റ്റ് കളിച്ച പുജാരയ്ക്ക് കിട്ടാത്ത ആനുകൂല്യം ഗില്ലിന് നൽകുന്നു: വിമര്‍ശനവുമായി കുംബ്ലെ
Mail This Article
മുംബൈ ∙ സീനിയർ താരങ്ങൾക്ക് നൽകാത്ത ആനുകൂല്യം യുവതാരം ശുഭ്മന്‍ ഗില്ലിന് ടീം മാനേജ്മെന്റ് നൽകുന്നുവെന്ന വിമർശനവുമായി ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ചേതേശ്വർ പുജാരയെ തഴഞ്ഞ് സിലക്ടര്‍മാർ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഗിൽ കാഴ്ചവച്ചത്. 23, 0 എന്നിങ്ങനെയാണ് താരം രണ്ട് ഇന്നിങ്സുകളിൽനിന്ന് നേടിയത്. കഴിഞ്ഞ 11 ഇന്നിങ്സുകള്‍ക്കിടെ 36 റൺസാണ് ഗില്ലിന്റെ ഉയർന്ന സ്കോർ. ഈ സാഹചര്യത്തിലാണ് വിമർശനവുമായി കുംബ്ലെ രംഗത്തുവന്നത്.
‘‘നൂറിലേറെ ടെസ്റ്റുകളിച്ച പുജാരയ്ക്ക് ലഭിക്കാത്ത ആനുകൂല്യങ്ങളാണ് ശുഭ്മൻ ഗില്ലിനു ലഭിക്കുന്നത്. മൂന്നാം നമ്പരിൽ കോലിക്ക് പകരം ഇറക്കാമായിരുന്ന താരമാണ് പുജാര. കഴിഞ്ഞ ജൂണിൽ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിച്ചതിനുശേഷം പുജാരയെ അവഗണിക്കുകയാണ്. ടീമിൽ ഓപ്പണറായി കളിച്ചിരുന്ന ഗില്ലിനെ കഴിഞ്ഞ മത്സരത്തിൽ മൂന്നാമനായി ഇറക്കി. എന്നാൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. രണ്ടാം ടെസ്റ്റിൽ അത് ആവർത്തിക്കാതിരിക്കാൻ മാനസികമായി തയാറെടുക്കുന്നതോടൊപ്പം ബാറ്റിങ് ടെക്നിക്കുകളിലും ഗിൽ മാറ്റം വരുത്തേണ്ടതുണ്ട്. സ്പിന്നിനെ നേടിരാൻ കൃത്യമായ പദ്ധതികൾ മനസ്സിലുണ്ടാവണം.ഇക്കാര്യത്തിൽ കോച്ചിന്റെ ഉപദേശം സ്വീകരിക്കാൻ ഗിൽ തയാറാകണം’’ –കുംബ്ലെ പറഞ്ഞു.
സാധാരണ ഗതിയിൽ സ്പിൻ ബോളിങ്ങിനെ മികച്ച രീതിയിൽ നേരിടുന്ന ഇന്ത്യൻ ബാറ്റർമാർ ഇപ്പോൾ പരാജയപ്പെടുകയാണെന്നും കുംബ്ലെ ചൂണ്ടിക്കാണിച്ചു. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ താരങ്ങൾക്കു കഴിയും. ഫുട്‌വർക്കിലുൾപ്പെടെ ബാറ്റർമാർ ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ച പ്രകടനത്തിലൂടെ ഇന്ത്യ പരമ്പരയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു. നേരത്തേ, രഞ്ജി ട്രോഫിയിൽ ഈ മാസം ഇരട്ട സെഞ്ചറി (243*) നേടിയ പ്രകടനവും പുജാരയ്ക്ക് ടീമിലെത്താൻ തുണയായില്ല. ഇംഗ്ലണ്ട് പരമ്പയ്ക്ക് മുൻപ് യുവതാരങ്ങൾക്ക് അവസരം നൽകുമെന്ന നിലപാടാണ് ക്യാപ്റ്റൻ രോഹിത് ശർമ സ്വീകരിച്ചത്.