ബുമ്ര ഇങ്ങനെ എറിഞ്ഞാൽ എന്തു ചെയ്യും? പുറത്തായത് വിശ്വസിക്കാനാകാതെ സ്റ്റോക്സ്- വിഡിയോ
Mail This Article
വിശാഖപട്ടണം∙ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ജസ്പ്രീത് ബുമ്രയുടെ പന്തിൽ വിക്കറ്റുപോയത് വിശ്വസിക്കാനാകാതെ ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബുമ്രയുടെ പന്തിൽ ബോൾഡായ സ്റ്റോക്സ്, ബാറ്റ് ക്രീസിലേക്കിട്ട്, വിശ്വസിക്കാനാകാത്ത പോലെ നിൽക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റുകളാണു ബുമ്ര വീഴ്ത്തിയത്.
54 പന്തുകൾ നേരിട്ട ഇംഗ്ലണ്ട് ക്യാപ്റ്റൻ 47 റൺസെടുത്തു പുറത്താകുകയായിരുന്നു. വാലറ്റക്കാരോടൊപ്പം പൊരുതിനിന്ന സ്റ്റോക്സ് പുറത്തായതോടെ ആദ്യ ഇന്നിങ്സിലെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ഇംഗ്ലണ്ട് 253 റൺസിനു പുറത്തായി. 15.5 ഓവറുകൾ പന്തെറിഞ്ഞ ബുമ്ര 45 റൺസ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റിലെത്തിയത്. അഞ്ച് മെയ്ഡൻ ഓവറുകൾ ബുമ്ര എറിഞ്ഞു.
ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും അവസരം ഉപയോഗിക്കാൻ ഇംഗ്ലണ്ട് ബാറ്റർമാർക്കു സാധിച്ചില്ല. 78 പന്തിൽ 76 റൺസെടുത്ത സാക്ക് ക്രൗലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 396 റൺസെടുത്തിരുന്നു. യശസ്വി ജയ്സ്വാളിന്റെ ഡബിൾ സെഞ്ചറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 277 പന്തുകളില്‍നിന്ന് യശസ്വി ഡബിൾ സെഞ്ചറി തികച്ചു. 290 പന്തുകള്‍ നേരിട്ട താരം 209 റൺസെടുത്ത് പുറത്തായി.