ADVERTISEMENT

ന്യൂഡൽഹി ∙ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. മത്സരത്തിൽ മൂന്നാം ‌നമ്പരിൽ ഇറക്കിയ ഗില്ലിന് സീനിയർ താരങ്ങൾക്ക് നൽകുന്നതിലും വലിയ ആനുകൂല്യമാണ് നൽകുന്നതെന്ന് പലരും ചൂണ്ടിക്കാണിച്ചു. സമ്മർദമേറിയതോടെ ഗില്ലിന് ടീം മാനേജ്മെന്റ് അന്ത്യശാസനം നൽകിയതായാണ് റിപ്പോർട്ട്. രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണമെന്ന് താരത്തിന് നിർദേശം ലഭിച്ചിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

Read Also: ഇംഗ്ലണ്ടിന്റെ ബാസ്ബോൾ തന്ത്രം പാളി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 106 റൺസ് ജയം

ആദ്യ ടെസ്റ്റിൽ 23, 0 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്സുകളില്‍ ഗില്ലിന്റെ പ്രകടനം. ഇതോടെ ടീമിലേക്ക് ചേതേശ്വർ പുജാര ഉൾപ്പെടെ സീനിയർ താരങ്ങളെ പരിഗണിക്കാത്തതിനും വൻ വിമർശനമുയർന്നു. രണ്ടാം ടെസ്റ്റിന് മുൻപുള്ള 6 ഇന്നിങ്സുകളിൽനിന്ന് ഗിൽ ആകെ നേടിയത് 97 റൺസാണ്. രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടാൽ അടുത്ത 3 ടെസ്റ്റുകൾക്കു പരിഗണിക്കില്ലെന്ന് ഗില്ലിനെ സിലക്ടർമാർ നേരിട്ടറിയിച്ചതായാണ് റിപ്പോർട്ട്. പരാജയപ്പെട്ടാൽ രഞ്ജി ട്രോഫി ടൂർണമെന്റിലേക്ക് മടങ്ങാൻ താരവും സമ്മതിച്ചിരുന്നുവെന്നാണ് വിവരം. ഈ സമ്മർദങ്ങളെല്ലാം മനസ്സിൽ വച്ചാണ് ഞായറാഴ്ച ഗിൽ ബാറ്റിങ്ങിനിറങ്ങിയത്. 

രോഹിത് ശർമയെയും (13) യശസ്വി ജയ്സ്വാളിനെയും (17) അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയ ജയിംസ് ആൻഡേഴ്സൻ ഇന്ത്യയെ ഞെട്ടിച്ചതിനു പിന്നാലെയാണ് ഗില്ലിന്റെ വരവ്. നേരിട്ട ആദ്യ 13 പന്തുകൾക്കിടെ 2 തവണയാണ് റിവ്യൂ വഴി ഗില്ലിനു ജീവൻ തിരിച്ചുകിട്ടിയത്. എന്നാൽ, പിന്നീടങ്ങോട്ട് മത്സരത്തിൽ ഗില്ലിന്റെ തേരോട്ടമായിരുന്നു. സഹബാറ്റർമാർ റൺ കണ്ടെത്താൻ വിഷമിച്ചപ്പോ‍ൾ, മറുവശത്ത് ഗിൽ തന്റെ ട്രേഡ് മാർക്ക് ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി. 147 പന്തിൽ 2 സിക്സും 11 ഫോറും ഉൾപ്പെടെ 104 റൺസാണ് താരം നേടിയത്. 

ഗില്ലിനു പുറമേ, അക്ഷർ പട്ടേൽ (45) മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപമെങ്കിലും പൊരുതിയത്. രണ്ടാം ഇന്നിങ്സിൽ 255ന് ഇന്ത്യ പുറത്തായി. 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്തായി. 106 റൺസിനാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ ജയിച്ചത്. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പമെത്താനും ഇന്ത്യയ്ക്കായി. മൂന്നാം ടെസ്റ്റ് 15ന് രാജ്കോട്ടിൽ ആരംഭിക്കും.

English Summary:

Shubman Gill warned; was given ultimatum to perform in 2nd India vs England Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com