500 വിക്കറ്റ് തികഞ്ഞില്ല; ഇംഗ്ലണ്ടിനെതിരെ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി അശ്വിൻ
Mail This Article
വിശാഖപട്ടണം∙ ആദ്യ ടെസ്റ്റിലെ പരാജയത്തിന് മധുരപ്രതികാരം വീട്ടിയ രണ്ടാം ടെസ്റ്റിൽ, ഇന്ത്യൻ ബോളർമാരുടെ മിന്നുന്ന പ്രകടനത്തിനാണ് ക്രിക്കറ്റ് ആരാധകർ സാക്ഷിയായത്. മത്സരത്തിൽ 9 വിക്കറ്റു നേടിയ ജസ്പ്രീത് ബുമ്ര കളിയിലെ താരമായപ്പോൾ രണ്ടാം ഇന്നിങ്സിൽ സ്പിന്നർമാരുടെ പ്രകടനവും നിർണായകമായി. ഇന്ത്യയുടെ 106 റൺസ് വിജയത്തിൽ മൂന്നു മുൻനിര വിക്കറ്റുകൾ പിഴുത സ്പിന്നർ ആർ.അശ്വിന്റെ ബോളിങ് പ്രകടനം എടുത്തുപറയേണ്ടതാണ്. ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട് എന്നിവരുടെ വിക്കറ്റാണ് അശ്വിൻ പിഴുതത്.
Read Also: പന്തെറിയുന്നതിനിടെ അശ്വിൻ കൈ ഉയർത്തി, കൺഫ്യൂഷനിലായി ആൻഡേഴ്സൻ; പരാതി പറഞ്ഞ് താരം- വിഡിയോ
മത്സരത്തിനിടെ ശ്രദ്ധേയമായ മറ്റൊരു റെക്കോർഡു കൂടി അശ്വിൻ മറികടന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ ബി.എസ്.ചന്ദ്രശേഖറിന്റെ പേരിലുള്ള റെക്കോഡാണ് അശ്വിന്‍ മറികടന്നത്. ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 95 വിക്കറ്റാണ് ചന്ദ്രശേഖർ നേടിയിട്ടുള്ളത്. ഒലി പോപ്പ് അശ്വിന്റെ 96–ാമത്തെ ഇംഗ്ലിഷ് വിക്കറ്റ് ആയിരുന്നു. പിന്നാലെ ജോ റൂട്ടിനെ കൂടി അശ്വിൻ പുറത്താക്കി. അനിൽ കുംബ്ലെയാണ് (92) ഈ പട്ടികയിലെ മൂന്നാമൻ.
അതേസമയം, ഇന്ന് അവസാനിച്ച ടെസ്റ്റിൽ നാലു വിക്കറ്റ് നേടിയിരുന്നെങ്കിൽ കുംബ്ലെയ്ക്കു ശേഷം ടെസ്റ്റിൽ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം അശ്വിന് സ്വന്തമാക്കാമായിരുന്നു. എന്നാൽ മൂന്നു വിക്കറ്റിൽ ഒതുങ്ങിയതോടെ ആകെ ടെസ്റ്റ് വിക്കറ്റുകൾ 499 ആയി. മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക), ഗ്ലെന്‍ മഗ്രോ, ഷെയ്ന്‍ വോണ്‍, നേഥന്‍ ലയോണ്‍ (ഓസ്‌ട്രേലിയ), കോട്‌നി വാല്‍ഷ് (വെസ്റ്റ്ഇന്‍ഡീസ്), സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്) എന്നിവരാണ് ടെസ്റ്റില്‍ 500നു മുകളിൽ വിക്കറ്റ് നേടിയിട്ടുള്ള താരങ്ങള്‍.