മൂന്നാം ടെസ്റ്റിന് ബുമ്രയുണ്ടാകില്ലെന്ന് റിപ്പോർട്ട്; സിറാജും കോലിയും തിരിച്ചെത്തിയേക്കും
Mail This Article
മുംബൈ ∙ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് പേസർ ജസ്പ്രീത് ബുമ്രയുണ്ടാകില്ലെന്ന് റിപ്പോർട്ട്. രണ്ടാം ടെസ്റ്റിലെ വിജയശിൽപിയായ ബുമ്രയ്ക്ക് അടുത്ത മത്സരത്തിൽ വിശ്രമം നൽകിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആദ്യ ടെസ്റ്റിൽ കളിച്ച മുഹമ്മദ് സിറാജ് ടീമിലേക്ക് മടങ്ങിയെത്തുമെന്നും സൂചനയുണ്ട്. പരമ്പരയിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾക്കുള്ള ടീമിനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
Read Also: ടെസ്റ്റ് ചാംപ്യൻഷിപിൽ ഇന്ത്യ രണ്ടാമത്; റൺ നേട്ടത്തിൽ കോലിയെ മറികടന്ന് രോഹിത്
പരമ്പരയിലെ രണ്ട് മത്സരങ്ങളിൽനിന്ന് 15 വിക്കറ്റാണ് ബുമ്ര പിഴുതത്. താരത്തിന്റെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. മൂന്നാം ടെസ്റ്റില്‍ ബുമ്ര കളിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ആക്രമണങ്ങളുടെ മൂര്‍ച്ച കുറയാന്‍ അത് കാരണമാകുമെന്നാണ് കരുതുന്നത്. ആദ്യ ടെസ്റ്റില്‍ ബുമ്രയ്ക്കൊപ്പം ന്യൂബോള്‍ പങ്കിട്ട മുഹമ്മദ് സിറാജിനോ രണ്ടാം ടെസ്റ്റില്‍ കളിച്ച മുകേഷ് കുമാറിനോ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ആദ്യ രണ്ട് മത്സരങ്ങളിൽനിന്ന് വിട്ടുനിന്ന സൂപ്പർതാരം വിരാട് കോലി ടീമിലേക്ക് മടങ്ങിയെത്തുമോ എന്ന കാര്യവും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ചറി നേടിയ യശസ്വി ജയ്സ്‍വാൾ, സെഞ്ചറി നേടിയ ശുഭ്മന്‍ ഗിൽ എന്നിവർ ഒഴികെയുള്ള ബാറ്റർമാർക്ക് ഫോമിലേക്ക് എത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ കോലിയും കെ.എൽ.രാഹുലും ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനില്‍ക്കുന്ന കോലി എപ്പോള്‍ മടങ്ങിയെത്തുമെന്നതിന് വ്യക്തത വന്നിട്ടില്ല. രാജ്കോട്ടില്‍ 15നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.