ADVERTISEMENT

ജൊഹാനസ്‍ബർഗ് ∙ കൂട്ടത്തകർച്ചയ്ക്കിടയിലും അസാധാരണമായ പോരാട്ടവീര്യം കാട്ടി ഇന്ത്യൻ കൗമാരപ്പടയെ ‘നടു നിവർത്താൻ’ സഹായിച്ച സച്ചിൻ ദാസിനു (96) നന്ദി; അവസരോചിത ഇന്നിങ്സുമായി അവസാന നിമിഷം പൊരുതിയ ക്യാപ്റ്റൻ ഉദയ് സഹറാനും (81). സെഞ്ചറി നഷ്ടത്തിന്റെ വേദനയ്ക്കിടയിലും സച്ചിനും കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ച് സഹറാനും ഇന്ത്യയെ തോളേറ്റിയതോടെ, അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ അഞ്ചാം ഫൈനലിൽ. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിനു തകർത്താണ് ബെനോനിയിലെ വില്ലോമൂർ പാർക്കിൽ നീലപ്പടയുടെ വിജയക്കുതിപ്പ്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 244 റൺസ്. മറുപടി ബാറ്റിങ്ങിൽ തുടക്കം തകർന്നെങ്കിലും സച്ചിൻ ദാസ്, ക്യാപ്റ്റൻ ഉദയ് സഹറാൻ എന്നിവർ അർധസെഞ്ചറികളുടെ മികവിൽ 7 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയത്തിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ക്വേന മഫാക, ട്രിസ്റ്റൻ ലൂസ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഞായറാഴ്ച ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയ – പാക്കിസ്ഥാൻ രണ്ടാം സെമിഫൈനൽ വിജയികളുമായി ഇന്ത്യ ഏറ്റുമുട്ടും. വെള്ളിയാഴ്ചയാണ് രണ്ടാം സെമി.

മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽത്തന്നെ വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, 32 റൺസിനിടെ നാലു വിക്കറ്റുകളാണ് നഷ്ടമായത്. ഒടുവിൽ അഞ്ചാം വിക്കറ്റിൽ സച്ചിൻ – ഉദയ് സഖ്യം കൂട്ടിച്ചേർത്ത സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ജീവവായുവായത്. 187 പന്തുകൾ നേരിട്ട ഇരുവരും കൂട്ടിച്ചേർത്തത് 171 റൺസ്! കൂട്ടത്തകർച്ചയ്‌ക്കിടയിലും അക്ഷോഭ്യനായി നിന്ന് തകർപ്പൻ അർധസെഞ്ചറി കുറിച്ച സച്ചിൻ ദാസിന്റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. 95 പന്തുകൾ നേരിട്ട സച്ചിൻ 11 ഫോറും ഒരു സിക്സും സഹിതം നേടിയത് 96 റൺസ്. അർഹിച്ച സെഞ്ചറിയിലേക്കുള്ള കുതിപ്പിൽ ക്വേന മഫാകയാണ് സച്ചിനെ പുറത്താക്കിയത്.

സച്ചിന് ഉറച്ച പിന്തുണയുമായി കൂട്ടുനിന്ന ക്യാപ്റ്റൻ ഉദയ് സഹറാനും അർധസെഞ്ചറി നേടി. അവസരോചിത ഇന്നിങ്സുമായി കളം നിറഞ്ഞ സഹറാൻ, 124 പന്തുകൾ നേരിട്ട സഹറാൻ ആറു ഫോറുകൾ സഹിതം 81 റൺസുമായി അവസാന നിമിഷം പുറത്തായി. ഇന്ത്യൻ സ്കോർ 203ൽ നിൽക്കെ സച്ചിനും വിജയം ഒരു റൺ അകലെ നിൽക്കെ സഹറാനും മടങ്ങിയെങ്കിലും, വാലറ്റത്തിന്റെ സഹായത്തോടെ ഇന്ത്യ വിജയം പിടിച്ചെടുത്തു.

സച്ചിനും പിന്നാലെ മുരുകൻ അഭിഷേകും (0) പുറത്തായതിന്റെ കടുത്ത സമ്മർദ്ദത്തിനിടയിലും, നേരിട്ട ആദ്യ പന്തിൽത്തന്നെ സിക്സർ നേടി ഇന്ത്യയെ വിജയത്തോട് അടുപ്പിച്ച രാജ് ലിംബാനിയുടെ പ്രകടനവും നിർണായകമായി. ഒടുവിൽ 49–ാം ഓവറിലെ അഞ്ചാം പന്തിൽ ഫോറടിച്ച് വിജയം കുറിച്ചതും ലിംബാനി തന്നെ. ലിംബാനി നാലു പന്തിൽ 13 റൺസുമായി പുറത്താകാതെ നിന്നു.

245 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, ആദ്യ പന്തിൽത്തന്നെ ഓപ്പണർ ആദർശ് സിങ് സംപൂജ്യനാകുന്ന ഞെട്ടിക്കുന്ന കാഴ്ചയോടെയാണ് മറുപടിക്കു തുടക്കമിട്ടത്. മഫാകയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് ആദർശ് പുറത്തായത്. പിന്നീട് ട്രിസ്റ്റൻ ലൂസിന്റെ ഊഴമായിരുന്നു. ഈ ലോകകപ്പിൽ ഇന്ത്യയെ മുന്നിൽനിന്നു നയിച്ച മുഷീർ ഖാൻ ട്രിസ്റ്റൻ എറിഞ്ഞ നാലാം ഓവറിൽ പുറത്തായി. സമ്പാദ്യം 12 പന്തിൽ നാലു റൺസ്. ഇന്ത്യയാകട്ടെ രണ്ടിന് എട്ടു റൺസ് എന്ന നിലയിൽ.

എന്നിട്ടും ഇന്ത്യയ്ക്ക് നിലയുറപ്പിക്കാനായില്ല. കൂട്ടത്തകർച്ച ഒഴിവാക്കാൻ പൊരുതാൻ ശ്രമിച്ച ഓപ്പണർ അർഷിൻ കുൽക്കർണിയും പിന്നാലെ മടങ്ങി. 30 പന്തിൽ ഒരേയൊരു സിക്സർ സഹിതം 12 റൺസെടുത്ത കുൽക്കർണിയെയും ട്രിസ്റ്റൻ മടക്കി. 10 പന്തിൽ അഞ്ച് റൺസുമായി പ്രിയാൻഷു മൊലിയയും ട്രിസ്റ്റന്റെ ട്രാപ്പിൽ വീണതോടെ ഇന്ത്യ നാലിന് 32 റൺസ് എന്ന നിലയിലായി. ഇതിനു ശേഷമായിരുന്നു ഇന്ത്യയെ കരകയറ്റിയ ഉദയ് – സച്ചിൻ കൂട്ടുകെട്ട്.

∙ ബാറ്റിങ്ങിലും ‘ലൂസ്’

നേരത്തേ, ലുവാൻ പ്രിട്ടോറിയസും (76) റിച്ചാർഡ് സെലത്‌സ്‌വെയ്നും (64) നേടിയ അർധ സെഞ്ചറികളുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക 244 റൺസെടുത്തത്. ഇന്ത്യയ്ക്കു വേണ്ടി രാജ് ലിംബാനി മൂന്നു വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക്, പ്രോട്ടീസ് ഇന്നിങ്സിൽ 50 റൺസ് തികയുന്നതിനു മുൻപ് 2 വിക്കറ്റ് വീഴ്ത്താനായി. സ്റ്റീവ് സ്റ്റോക്കിനെയും (14) പിന്നാലെയിറങ്ങിയ ഡേവിഡ് ടീഗറിനെയും (0) രാജ് ലിംബാനിയാണ് കൂടാരം കയറ്റിയത്. പിന്നീടൊന്നിച്ച ലുവാൻ പ്രിട്ടോറിയസും മധ്യനിരയിൽ റിച്ചാർഡ് സെലത്‌സ്‌വെയ്നും നിലയുറപ്പിച്ചു കളിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ സ്കോർ ഉയർന്നു.

സ്കോർ 118ൽ നിൽക്കേ പ്രിട്ടോറിയസിനെ മുഷീർ ഖാൻ‌ പുറത്താക്കി. 102 പന്തിൽ 3 സിക്സും 6 ഫോറും ഉൾപ്പെടെ 76 റൺസാണ് താരത്തിന്റെ സമ്പാദ്യം. 100 പന്തിൽ 64 റൺസ് നേടിയ സെലത്‌സ്‌വെയ്നെ നമൻ തിവാരി പ്രിയാൻഷു മൊലിയയുടെ കൈകളിലെത്തിച്ചു. ഒലിവര്‍ വൈറ്റ്ഹെഡ് (22), ക്യാപ്റ്റൻ യുവാൻ ജയിംസ് (24) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡെവൻ മരെയ്സ് (3), റിലെ നോർട്ടൻ (7*), ട്രിസ്റ്റൻ ലൂസ് (23*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. മുഷീർ ഖാൻ രണ്ടും നമൻ തിവാരി, സൗമി പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും പിഴുതു.

English Summary:

ICC Under19 Cricket World Cup India vs South Africa Semi Final Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com