ടെസ്റ്റ് ചാംപ്യൻഷിപിൽ ഇന്ത്യ രണ്ടാമത്; റൺ നേട്ടത്തിൽ കോലിയെ മറികടന്ന് രോഹിത്
Mail This Article
ദുബായ് ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ജയത്തോടെ ടീം ഇന്ത്യ ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ആദ്യ ടെസ്റ്റ് തോറ്റതിനു പിന്നാലെ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. 6 മത്സരങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് ഇപ്പോൾ 38 പോയിന്റുണ്ട്. 10 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുള്ള ഓസ്ട്രേലിയയാണ് ഒന്നാമത്. ഓസ്ട്രേലിയയ്ക്ക് 55ഉം ഇന്ത്യയ്ക്ക് 52.77ഉം ആണ് പോയിന്റ് പെർസന്റേജ്. 50 വീതം പോയിന്റ് പെർസന്റേജുള്ള ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ഇംഗ്ലണ്ട് എട്ടാമതാണ്.
Read Also: 500 വിക്കറ്റ് തികഞ്ഞില്ല; ഇംഗ്ലണ്ടിനെതിരെ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി അശ്വിൻ
അതേസമയം രണ്ടാം ടെസ്റ്റില്‍ വലിയ സ്കോർ കണ്ടെത്താനായില്ലെങ്കിലും ടെസ്റ്റ് ചാംപ്യൻഷിപിലെ റൺ നേട്ടത്തിൽ വിരാട് കോലിയെ മറികടക്കാൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കായി. മത്സരത്തിൽ 27 റൺസ് നേടിയ രോഹിത് ടെസ്റ്റ് ചാംപ്യൻഷിപിലെ ആകെ റണ്‍നേട്ടം 2242 ആക്കി ഉയർത്തി. ടെസ്റ്റ് ചാംപ്യൻഷിപില്‍ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം രോഹിത്തിനു സ്വന്തമായി. 29 മത്സരങ്ങളിൽനിന്നാണ് രോഹിത് ഇത്രയും റൺസ് നേടിയത്. രണ്ടാമതുള്ള കോലി 36 മത്സരങ്ങളിൽനിന്ന് 2235 റൺസാണ് നേടിയിട്ടുള്ളത്. ചേതേശ്വർ പുജാര (1769), അജിങ്ക്യ രഹാനെ (1589), ഋഷഭ് പന്ത് (1575) എന്നിവരാണ് ഈ പട്ടികയിൽ ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങൾ.
രണ്ടാം ടെസ്റ്റിൽ 106 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. രണ്ട് ഇന്നിങ്സുകളിൽനിന്നായി 9 വിക്കറ്റു വീഴ്ത്തിയ ജസ്പ്രീത് ബുമ്ര കളിയിലെ താരമായി. ഏറ്റവും വേഗത്തിൽ 150 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിനും ബുമ്ര അർഹനായി. ഉമേഷ് യാദവിന്റെ റെക്കോർഡാണ് തകർത്തത്. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 100 വിക്കറ്റ് നേട്ടമെന്ന നാഴികക്കല്ലും ബുമ്ര പിന്നിട്ടു.
ശുഭ്മൻ ഗില്ലിന് പരുക്ക്
വിശാഖപട്ടണം ∙ കൈവിരലിനു പരുക്കേറ്റ ഇന്ത്യൻ താരം ശുഭ്മൻ ഗിൽ ഇന്നലെ ഫീൽഡിങ്ങിന് ഇറങ്ങിയില്ല. മൂന്നാം ദിനം ഫീൽഡിങ്ങിനിടെയാണ് ഗില്ലിന്റെ വലതുകൈ വിരലിനു പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നും ഗിൽ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ടീം അധികൃതർ അറിയിച്ചു.