അനിൽ കുംബ്ലെയുടെ ഇന്നിങ്സിലെ പത്ത് വിക്കറ്റ് നേട്ടത്തിന് കാൽ നൂറ്റാണ്ട്
Mail This Article
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ വിസ്മയം തീർത്തിട്ട് ഇന്നു കാൽ നൂറ്റാണ്ട്. ഡൽഹി ഫിറോസ് ഷാ കോട്‌ലയിൽ (ഇപ്പോൾ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം) പാക്കിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്നിങ്സിലെ 10 വിക്കറ്റുകളും നേടി കുംബ്ലെ ക്രിക്കറ്റിലെ അപൂർവ നേട്ടം കൈവരിച്ചത് കൃത്യം 25 വർഷം മുൻപാണ്. പാക്കിസ്ഥാന്റെ 1998–99 ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ അവസാന ഇന്നിങ്സിലാണ് കുംബ്ലെ 10 വിക്കറ്റുകളും സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
1999 ഫെബ്രുവരി 4ന് തുടങ്ങിയ ടെസ്റ്റ് നാലാം ദിനമായ 7ന് അവസാനിക്കുമ്പോൾ കുംബ്ലെ ക്രിക്കറ്റിലെ അമാനുഷിക പ്രകടനം നടത്തി ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. കുംബ്ലെയ്ക്കു മുൻപ്, ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം കൈവരിച്ചത് ഇംഗ്ലിഷ് ബോളർ ജിം ലേക്കർ മാത്രമാണ്. 1956ൽ മാഞ്ചസ്റ്റർ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ഇന്നിങ്സിലാണ് ലേക്കർ പത്ത് വിക്കറ്റുകളും നേടിയത്.
2021 ൽ ഇന്ത്യയ്ക്കെതിരെ വാങ്കഡെ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തി ന്യൂസീലൻഡ് സ്പിന്നർ അജാസ് പട്ടേൽ ലേക്കർക്കും കുംബ്ലെയ്ക്കുമൊപ്പമെത്തി. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷം നീണ്ട ചരിത്രത്തിൽ ഈ അപൂർവനേട്ടം കൈവരിച്ചവർ ഇവർ 3 പേർ മാത്രം.
1,2,3,4...10!
രണ്ട് ടെസ്റ്റ് മൽസരങ്ങളാണ് ഇന്ത്യ–പാക്ക് പരമ്പരയിൽ ഉണ്ടായിരുന്നത്. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റ് പാക്കിസ്ഥാൻ ജയിച്ചു. ഫെബ്രുവരി 4ന് ന്യൂഡൽഹിയിൽ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെയും (67) ഓപ്പണർ സദഗോപൻ രമേഷിന്റെയും (60) ഇന്നിങ്സുകളുടെ ബലത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 252 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്ക് നിര ഒന്നാം ഇന്നിങ്സിൽ 172ന് പുറത്തായി. 32 റൺസ് നേടിയ ഷാഹിദ് അഫ്രീദിയായിരുന്നു ടോപ് സ്കോറർ. കുംബ്ലെ നാലു വിക്കറ്റുകളും ഹർഭജൻ സിങ് മൂന്ന് വിക്കറ്റുകളും നേടി. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലാം ദിനം രാവിലെ 339 റൺസ് നേടി പുറത്തായി. ഒന്നര ദിവസം ശേഷിക്കെ പാക്കിസ്ഥാനു വിജയലക്ഷ്യം 420 റൺസ്.
ഇന്ത്യൻ ബോളിങ് ഓപ്പൺ ചെയ്തത് ജവഗൽ ശ്രീനാഥും വെങ്കടേഷ് പ്രസാദും. ഓപ്പണർമാരായ സയീദ് അൻവറും അഫ്രീദിയും ചേർന്ന് 101 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോൾ പാക്കിസ്ഥാൻ ജയം കൊതിച്ചു തുടങ്ങിയതാണ്. പക്ഷേ ഇന്ത്യൻ പേസർമാർ പരാജയപ്പെട്ട പിച്ചിൽ ലെഗ് സ്പിന്നർ കുംബ്ലെ ചുഴലിക്കാറ്റായി. ലഞ്ചിനുശേഷം തന്റെ 9–ാം ഓവറിലാണ് ആദ്യ വിക്കറ്റുമായി കുംബ്ലെ ചരിത്രനേട്ടത്തിന് തുടക്കം കുറിച്ചത്. പിന്നാലെ ഒന്നിനു പിറകേ ഒന്നായി ആദ്യ ആറു വിക്കറ്റുകളും കുംബ്ലെയുടെ പോക്കറ്റിൽ. പാക്ക് സ്കോർ 128ൽ നിൽക്കെയായിരുന്നു ആറാം വിക്കറ്റായി സയീദ് അൻവർ വീണത്.
ഇതോടെ ജയിക്കാം എന്ന് ഇന്ത്യയ്ക്കും വേണമെങ്കിൽ 10 വിക്കറ്റ് വീഴ്ത്താം എന്ന് കുംബ്ലെയ്ക്കും മോഹമുണർന്നു. ഒൻപതാമനായി സഖ്‌ലൈൻ മുഷ്താഖിനെ എൽബിയിൽ കുടുക്കിയതോടെ കുംബ്ലെ ചരിത്രനേട്ടത്തിനരികെ. ക്രീസിലുള്ളത് പാക്ക് നായകൻ വസീം അക്രമും പതിനൊന്നാമൻ വഖാർ യൂനിസും.
കുംബ്ലെയുടെ പന്തിൽ നായകനെത്തന്നെ വിവിഎസ് ലക്ഷ്മൺ ക്യാച്ചെടുത്തു പുറത്താക്കിയതോടെ ചരിത്രം പിറന്നു. കുംബ്ലെയുടെ ഇന്നിങ്സ് പ്രകടനം ഇങ്ങനെ: 26.3 ഓവർ, 9 മെയ്ഡൻ, 74 റൺസ്, 10 വിക്കറ്റ്! ഇതിൽത്തന്നെ 17.5 ഓവർ നീണ്ട ഉജ്വലമായ സ്പെല്ലിലായിരുന്നു 10 വിക്കറ്റുകളും വീണത്. തലനാരിഴയ്ക്ക് നഷ്ടമായത് രണ്ട് ഹാട്രിക്ക് അവസരങ്ങൾ. ടെസ്റ്റിൽ ഇന്ത്യയ്ക്ക് 212 റൺസ് ജയം. പരമ്പര 1–1 സമനില. കുംബ്ലെ തന്നെയായിരുന്നു കളിയിലെ കേമൻ.