ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാത്തതിൽ സങ്കടമുണ്ട്: നിരാശ പങ്കുവച്ച് വെറ്ററൻ താരം
Mail This Article
മുംബൈ∙ രഞ്ജി ട്രോഫിയിലെ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്താമെന്ന പ്രതീക്ഷയുമായി ഹനുമാ വിഹാരി. എലൈറ്റ് ഗ്രൂപ്പ് ബിയിൽ ആന്ധ്രപ്രദേശിനായി ഗംഭീര പ്രകടനമാണു വിഹാരി നടത്തുന്നത്. അഞ്ച് മത്സരങ്ങളിൽ മൂന്ന് വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ് ടീമുള്ളത്. ഏഴ് ഇന്നിങ്സുകളിൽനിന്ന് താരം നേടിയത് 365 റൺസ്. ക്യാപ്റ്റൻ റിക്കി ഭുയി മാത്രമാണ് റൺ നേട്ടത്തിൽ വിഹാരിക്കു മുന്നിലുള്ള ആന്ധ്ര ബാറ്റർ. ഇപ്പോൾ ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കാത്തതിൽ നിരാശയും സങ്കടവുമുണ്ടെന്ന് വിഹാരി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘എല്ലാവർക്കും കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. രഞ്ജി ട്രോഫിയിൽ സ്കോർ ചെയ്യുകയെന്നതാണ് ഇപ്പോൾ എന്റെ ജോലി. എനിക്കും ടീമിനും ഈ രഞ്ജി സീസൺ വളരെ നല്ലതാണ്. ഇനിയും കൂടുതൽ റൺസ് സ്കോർ ചെയ്ത് ദേശീയ ടീമിലേക്കു മടങ്ങിയെത്താനാണ് എന്റെ ശ്രമം.’’– ഹനുമാ വിഹാരി വ്യക്തമാക്കി. ഇന്ത്യൻ ടീം സിലക്ടര്‍മാരുടെ റഡാറിൽ താൻ ഇല്ലെന്നാണു തോന്നുന്നതെന്നും വിഹാരി പറഞ്ഞു.
‘‘അടുത്ത കാലത്ത് ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട ആരും എന്നോടു സംസാരിച്ചിട്ടില്ല. ഒരിക്കൽ രാഹുൽ ദ്രാവിഡ് സംസാരിച്ചിരുന്നു. എന്റെ അവസാന മത്സരത്തിനു ശേഷമായിരുന്നു ഇത്. എനിക്കു കൂടുതൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനു ശേഷം ആരുമായും ചർച്ചകളുണ്ടായിട്ടില്ല. എന്റെ കളി മെച്ചപ്പെടുത്തുക. ആസ്വദിക്കുക എന്നതിൽ മാത്രമാണ് ഇപ്പോഴത്തെ ചിന്ത.’’
‘‘കളിക്കാൻ ഇറങ്ങുമ്പോൾ മികച്ച പ്രകടനം നടത്തി ടീമിനായി റൺസ് കണ്ടെത്താൻ മാത്രമാണു ശ്രമിക്കാറ്. ഇനി കൂടുതൽ പ്രതീക്ഷകളൊന്നും വേണ്ടെന്ന ഘട്ടത്തിലാണു ഞാനുള്ളത്. നടക്കാനുള്ളത് എന്തായാലും നടക്കും.’’– വിഹാരി പ്രതികരിച്ചു. രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെയാണ് ആന്ധ്രപ്രദേശിന്റെ അടുത്ത മത്സരം. 2022 ലായിരുന്നു ഇന്ത്യയ്ക്കായി വിഹാരി ഒടുവിൽ കളിച്ചത്.