50 ഓവർ മത്സരങ്ങൾ ഒരുപാട് നീളുന്നു; ഏകദിന ക്രിക്കറ്റ് 40 ഓവർ മതിയാകുമെന്ന് ആരൺ ഫിഞ്ച്
Mail This Article
മെൽബൺ∙ ഏകദിന ക്രിക്കറ്റിൽ ഓവറുകൾ വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആരൺ ഫിഞ്ച്. 50 ഓവർ വീതമുള്ള മത്സരങ്ങൾ ആരാധകരെ ആകർഷിക്കാൻ ഇനി സാധ്യത കുറവാണെന്നാണ് ഫിഞ്ചിന്റെ നിലപാട്. മത്സരങ്ങൾ 40 ഓവറാക്കി കുറയ്ക്കണമെന്നും ഫിഞ്ച് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ട്വന്റി20 ലോകകപ്പ് നടക്കാനുള്ളതിനാൽ 2024 ൽ വളരെ കുറച്ച് ഏകദിന മത്സരങ്ങള്‍ മാത്രമാണ് പ്രധാന ക്രിക്കറ്റ് ടീമുകൾ കളിക്കുന്നത്.
‘‘മത്സരങ്ങൾ 40 ഓവറുകൾ വീതമാക്കി നടത്തണം. അതു കാണാൻ എനിക്ക് ആഗ്രഹമുണ്ട്. ഇംഗ്ലണ്ടിൽ അവർ പ്രോ–40 മത്സരങ്ങളുമായെത്തിയപ്പോൾ അതു വലിയ വിജയമായി മാറി. ഏകദിന മത്സരങ്ങൾ ഒരുപാടു നീളുന്നതായാണ് എനിക്കു തോന്നുന്നത്. 50 ഓവർ ക്രിക്കറ്റിൽ ഒരു മണിക്കൂറിൽ 11–12 ഓവറുകളൊക്കെയാണ് എറിയുന്നത്. ഇത് അസ്വീകാര്യമാണ്. ആരാധകരെ പരിഗണിച്ചാണു മത്സരം നടത്തേണ്ടത്.’’
എന്നാൽ വലിയ ടീമുകളുടെ മത്സരങ്ങൾ നടത്തുമ്പോൾ 50 ഓവർ കളികളും ആവേശകരമാണെന്നും ഫിഞ്ച് പറഞ്ഞു. ചെറിയ ടീമുകൾക്കാണ് 40 ഓവർ മത്സരങ്ങൾ ചേരുകയെന്നും ഫിഞ്ച് വ്യക്തമാക്കി. ‘‘വലിയ ടീമുകൾ നേർക്കുനേർ വരുമ്പോൾ, 50 ഓവര്‍ ക്രിക്കറ്റ് തന്നെ മികച്ചതാണ്. എന്നാൽ ഏകപക്ഷീയമായ മത്സരങ്ങളിലാണു മാറ്റം വേണ്ടത്. വെസ്റ്റിൻഡീസിനെപ്പോലെയുള്ള ടീമുകൾ കളിക്കുമ്പോൾ 40 ഓവർ മത്സരങ്ങള്‍ മതിയാകും. അതു കളികൾ കൂടുതൽ വാശിയുള്ളതാക്കും.’’– ആരൺ ഫിഞ്ച് വ്യക്തമാക്കി.