ഭരത്തിൽ ഭാവി കാണേണ്ടതില്ല, കളിക്കുന്നത് പുതുമുഖ താരത്തെപ്പോലെ: രൂക്ഷവിമർശനവുമായി മുൻ താരം
Mail This Article
മുബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിൽ കെ.എസ്. ഭരത്തിന് വിക്കറ്റ് കീപ്പറായി ഇനിയും അവസരം കൊടുക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഭരത് ഇപ്പോഴും പുതുമുഖ താരത്തെപ്പോലെയാണു കളിച്ചുകൊണ്ടിരിക്കുന്നതെന്ന് മഞ്ജരേക്കർ കുറ്റപ്പെടുത്തി. ‘‘അദ്ദേഹത്തിന്റെ പ്രകടനം ഇപ്പോഴും ആദ്യ പരമ്പരയിൽ കളിക്കുന്നതു പോലെയാണ്. ഓസ്ട്രേലിയയ്ക്കെതിരായ നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ കളിച്ച താരമാണ് ഭരത്. ഋഷഭ് പന്ത് തിരിച്ചെത്തുന്നതുവരെയാകും അദ്ദേഹത്തിന് ടീമിൽ അവസരം ലഭിക്കുക.’’– മഞ്ജരേക്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘പന്തിന്റെ മടങ്ങിവരവിന് കാത്തുനിൽക്കാതെ പുതിയൊരു വിക്കറ്റ് കീപ്പറെ പരീക്ഷിക്കുകയാണു വേണ്ടത്. കെ.എസ്. ഭരത്തും ഇഷാൻ കിഷനും കഴിഞ്ഞ് ടീം ഇന്ത്യ മുന്നോട്ടുപോയിരിക്കുന്നു. കെ.എസ്. ഭരത്തിൽ ഇനിയും ഭാവി കാണേണ്ടതില്ല. ബിസിസിഐ എല്ലാവർക്കും തുല്യമായ അവസരം കൊടുക്കുന്നുവെന്നാണു പറയുന്നത്. ഒരു യുവവിക്കറ്റ് കീപ്പറെ ഇനി പരീക്ഷിച്ചു നോക്കാവുന്നതാണ്.’’– സഞ്ജയ് മഞ്ജരേക്കർ വ്യക്തമാക്കി.
‘‘ഋഷഭ് പന്ത് മടങ്ങിയെത്തുന്നതു വരെയായിരിക്കും പുതിയൊരാൾക്ക് അവസരം കിട്ടുക. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റിൽ പന്തിന്റെ പ്രകടനങ്ങൾ നോക്കുക. അതു പരിഗണിച്ച് പുതിയൊരു വിക്കറ്റ് കീപ്പറെ ഇനി കൊണ്ടുവരണം.’’– മഞ്ജരേക്കർ പറഞ്ഞു. കഴിഞ്ഞ വർഷമായിരുന്നു ഓസ്ട്രേലിയയ്ക്കെതിരെ ഭരത്തിന്റെ അരങ്ങേറ്റം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലും താരം കളിച്ചെങ്കിലും കാര്യമായ ബാറ്റിങ് പ്രകടനം ഉണ്ടായില്ല.
എങ്കിലും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിലും ഭരത് തന്നെയാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. ആദ്യ രണ്ടു ടെസ്റ്റുകളിൽ താരം നിരാശപ്പെടുത്തിയതോടെ മൂന്നാം മത്സരത്തിൽ ഇന്ത്യ പരീക്ഷണങ്ങൾക്കു മുതിർന്നേക്കും. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന് ബിസിസിഐ അവസരം നൽകാനാണു സാധ്യത. അവസാന ടെസ്റ്റുകൾക്കുള്ള ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.