പരുക്കു ഭേദമായില്ല, രാഹുൽ മൂന്നാം ടെസ്റ്റിനുമില്ല; മലയാളി താരത്തിന് അവസരം ലഭിച്ചേക്കും
Mail This Article
രാജ്കോട്ട് ∙ പരുക്ക് പൂർണമായും ഭേദമാകാത്തതിനാൽ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലിന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റും നഷ്ടമാകും. പരുക്കിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ നിന്നു വിട്ടുനിന്ന രാഹുലിനെയും രവീന്ദ്ര ജഡേജയെയും അടുത്ത 3 മത്സരങ്ങൾക്കുള്ള ടീമിൽ ബിസിസിഐ ഉൾപ്പെടുത്തിയിരുന്നു.
ജഡേജ രാജ്കോട്ടിലെത്തി ടീമിനൊപ്പം ചേർന്നെങ്കിലും കാലിലെ പരുക്ക് ഭേദമാകാത്തതിനാൽ രാഹുൽ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് സൂചന.രാഹുലിനു പകരക്കാരനായി മലയാളി താരം ദേവ്‍ദത്ത് പടിക്കലിന് ടീമിൽ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണത്തെ രഞ്ജി സീസണിൽ 3 സെഞ്ചറികളുമായി ദേവ്‌ദത്ത് ഫോം തെളിയിച്ചിരുന്നു.
15ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ വിക്കറ്റ് കീപ്പറായി കെ.എസ്.ഭരത്തിനു പകരം അരങ്ങേറ്റക്കാരൻ ധ്രുവ് ജുറെലിനും അവസരം നൽകിയേക്കും. ഇംഗ്ലണ്ട് ടീമും ഇന്നലെ രാജ്‌കോട്ടിലെത്തി. രണ്ടാം ടെസ്റ്റിനുശേഷം പ്രീ സീസൺ ബേസ് ക്യാംപായ അബുദാബിയിലേക്കു പോയ ഇംഗ്ലണ്ട് ടീം കഴിഞ്ഞ ഒരാഴ്ച അവിടെയാണ് പരിശീലിച്ചിരുന്നത്.