സേവാഗിന്റെ കളി ശൈലി, സച്ചിനെപ്പോലെ പാഡിൽ സ്വീപ് ഷോട്ടിൽ കൃത്യത; കൗണ്ടർ കിങ്ങാണ് യശസ്വി
Mail This Article
ഇന്ത്യൻ പിച്ചുകളിലെ പെർഫക്ട് ബാറ്റർ– മുൻ ഇംഗ്ലിഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്സൻ, ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിനു നൽകിയ വിശേഷണം ഇങ്ങനെ. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ മൂന്നു ഫോർമാറ്റുകളിലും ഒരുപോലെ തിളങ്ങാനുള്ള കഴിവും സ്പിന്നർമാരെ നേരിടുന്നതിലുള്ള മികവുമാണ് യശസ്വിയെ വ്യത്യസ്തനാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ടാം സെഞ്ചറിയുമായി ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച യശസ്വിയുടെ ബാറ്റിങ് ശൈലിയും സമീപനവും വേറിട്ടതാണ്.
ബേസ്ബോൾ സ്റ്റൈൽ
നെറ്റ്സിൽ ബേസ്ബോൾ കോച്ചിനൊപ്പം പരിശീലനം നടത്താറുണ്ട് യശസ്വി. പവർ ഹിറ്റിങ് പരിശീലനത്തിന്റെ ഭാഗമായാണ് ഈ ട്രെയ്നിങ്. പുൾ ഷോട്ടുകളും മറ്റും കളിക്കുമ്പോൾ ഷോട്ടിലേക്ക് പരമാവധി ശക്തി കൊണ്ടുവരാൻ ഈ ബേസ്ബോൾ പരിശീലനം യശസ്വിയെ സഹായിക്കുന്നു.
കൗണ്ടർ അറ്റാക്ക്
മുൻ ഓപ്പണർ വീരേന്ദർ സേവാഗിനെപ്പോലെ തുടക്കത്തിൽ തന്നെ കൗണ്ടർ അറ്റാക്കിലൂടെ ബോളർമാർക്കു മേൽ ആധിപത്യം സ്ഥാപിക്കുന്ന ശൈലിയാണ് യശസ്വിയുടേതും. ഇതുവഴി മത്സരത്തിൽ മാനസിക മുൻതൂക്കം നേടിയെടുക്കാൻ യശസ്വിക്കു സാധിക്കുന്നു.
ട്രിഗർ മൂവ്മെന്റ്
ലെഗ് സ്റ്റംപ് ഗാർഡ് എടുത്ത്, ബോളർ പന്തെറിയുന്നതിനു തൊട്ടുമുൻപ് മിഡിൽ സ്റ്റംപ് ലൈനിലേക്കു മാറിയ ശേഷമാണ് ഷോട്ടിനായി യശസ്വി തയാറെടുക്കുന്നത്. ഈ ട്രിഗർ മൂവ്മെന്റാണ് പേസ് ബോളർമാർക്കെതിരെ അനായാസം റൺ കണ്ടെത്താൻ ഈ ഇടംകൈ ബാറ്ററെ സഹായിക്കുന്നത്.
നോ ചെക്കിങ്
ട്വന്റി20 ക്രിക്കറ്റിന്റെ വരവോടെ യുവതാരങ്ങൾക്കിടയിൽ ചെക്ക് ഷോട്ടിന് (ബാറ്റ് വീശൽ പൂർത്തിയാക്കാതെ ഡ്രൈവ് ഷോട്ടുകൾക്കു സമാനമായി കളിക്കുന്ന രീതി) പ്രിയമേറിയെങ്കിലും പന്തിനെ തീർത്തടിക്കുന്ന, ഫുൾ ബാറ്റ് സ്വിങ് ഷോട്ടുകളാണ് യശസ്വിയുടെ സ്റ്റൈൽ.
സ്വീറ്റ് സ്വീപ്
സച്ചിൻ തെൻഡുൽക്കർക്കു ശേഷം പാഡിൽ സ്വീപ് ഷോട്ടുകൾ ഇത്ര കൃത്യതയോടെ കളിക്കുന്ന ഇന്ത്യൻ താരങ്ങളിലൊരാൾ യശസ്വിയാണ്. സ്പിന്നർമാരുടെ പന്തുകൾ തലങ്ങും വിലങ്ങും കുത്തിത്തിരിയുന്ന മുംബൈയിലെ ആസാദ് മൈദാനിൽ കളിച്ചുവളർന്നവരാണ് ഇരുവരും.
ഫുട്‌വർക്ക്
ഡിഫൻസിലായാലും ഡ്രൈവ് ഷോട്ടുകളിലായാലും കൃത്യമായ ഫുട്‌വർക്കോടെ, ബാറ്റിനും പാഡിനും ഇടയിൽ ഗ്യാപ് ഇല്ലെന്ന് യശസ്വി ഉറപ്പാക്കാറുണ്ട്. ഇതുകൊണ്ടുതന്നെ കരിയറിൽ ചുരുക്കം തവണയേ യശസ്വി ക്ലീൻ ബോൾഡായിട്ടുള്ളൂ.