ADVERTISEMENT

രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ഭാര്യ റിവാബയ്ക്കു സമർപ്പിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്കു വമ്പൻ വിജയം സമ്മാനിച്ചത്. ഭാര്യയാണ് എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്നതെന്നും രവീന്ദ്ര ജഡേജ മത്സരത്തിനു ശേഷം പ്രതികരിച്ചു.

‘‘അഞ്ചു വിക്കറ്റുകൾ നേടാൻ സാധിച്ചത് ഒരു പ്രത്യേക അനുഭവമാണ്. ഒരു ടെസ്റ്റിൽ തന്നെ സെഞ്ചറിയും അഞ്ചു വിക്കറ്റുകളും സ്വന്തമാക്കാൻ കഴിഞ്ഞു. രാജ്കോട്ടിലെ എന്റെ ഹോം ഗ്രൗണ്ടിലാണ് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഈ പുരസ്കാരം എന്റെ ഭാര്യയ്ക്കു സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് എല്ലായ്പ്പോഴും ആത്മവിശ്വാസം നൽകുന്നത് അവളാണ്. എപ്പോഴും എനിക്കു വേണ്ടി റിവാബ കഠിനാധ്വാനം ചെയ്യുന്നുണ്ട്.’’–രവീന്ദ്ര ജഡേജ പ്രതികരിച്ചു.

ഗുജറാത്തിലെ ബിജെപി എംഎല്‍എയാണ് റിവാബ ജഡേജ. അടുത്തിടെ റിവാബയ്ക്കെതിരെ രൂക്ഷവിമർശനം ഉയർത്തി റിവാബയുടെ പിതാവ് അനിരുദ്ധ്സിൻഹ് ജഡേജ രംഗത്തെത്തിയിരുന്നു. 2016ൽ രവീന്ദ്ര ജഡേജയും റിവാബയും വിവാഹിതരായതിനു പിന്നാലെ കുടുംബത്തില്‍ പ്രശ്നങ്ങൾ തുടങ്ങിയതായി ജഡേജയുടെ പിതാവ് ആരോപിച്ചു.

‘‘ജഡേജയുമായി പ്രശ്നങ്ങളുണ്ടാകാൻ കാരണം റിവാബയാണ്. എന്തു മാജിക്കാണ് ജഡേജ റിവാബയിൽ ചെയ്തതെന്നു മനസ്സിലാകുന്നില്ല. ഞാൻ എന്റെ പേരക്കുട്ടിയെ കണ്ടിട്ട് വർഷങ്ങളായി. ഒരേ നഗരത്തിലാണ് താമസിക്കുന്നതെങ്കിലും രവീന്ദ്ര ജഡേജയെ ഞാൻ കാണാറില്ല. മകനെ വിവാഹം കഴിപ്പിക്കേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.’’– എന്നൊക്കെയാണ് ഒരു ചാനൽ അഭിമുഖത്തിൽ അനിരുദ്ധ്സിൻഹ് ജഡേജ പ്രതികരിച്ചത്. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതെന്നാണ് ജഡേജ സംഭവത്തിൽ പ്രതികരിച്ചത്. ഇതു സംബന്ധിച്ച് ചോദിച്ചപ്പോൾ, റിവാബ മാധ്യമങ്ങളോടു ദേഷ്യപ്പെട്ടിരുന്നു.

English Summary:

Ravindra Jadeja dedicates Rajkot Test award to Rivaba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com