ഓട്ടത്തിനിടയിൽ കൺഫ്യൂഷൻ, യശസ്വിയോട് ചൂടായി സർഫറാസ്; ഡബിൾ സെഞ്ചറി നേടിയപ്പോൾ വൻ ആഘോഷം
Mail This Article
രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടെ യശസ്വി ജയ്സ്വാളിനോടു ചൂടായി സർഫറാസ് ഖാൻ. സർഫറാസ് 47 ഉം ജയ്സ്വാൾ 197 ഉം റൺസെടുത്തു നിൽക്കെയായിരുന്നു സംഭവം. റെഹാൻ അഹമ്മദിന്റെ പന്ത് ഓഫ് സൈഡിലേക്ക് അടിച്ച സർഫറാസ് രണ്ട് റൺസ് ഓടിയെടുക്കാൻ ജയ്സ്വാളിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഒരു റണ്‍ മതിയെന്ന നിലപാടിലായിരുന്നു ജയ്സ്വാൾ.
നോൺ സ്ട്രൈക്കേഴ്സ് എന്‍ഡിൽനിന്ന് ഓടാൻ തുടങ്ങിയ സർഫറാസ്, യശസ്വി അരുതെന്നു പറഞ്ഞതോടെ തിരിച്ച് ക്രീസിലെത്തി. യശസ്വിയുടെ പ്രതികരണം ഇഷ്ടപ്പെടാതിരുന്ന സർഫറാസ് അപ്പോൾ തന്നെ രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു. സംഭവം കണ്ട് ഡ്രസിങ് റൂമിൽ രോഹിത് ശർമ ഞെട്ടിയിരിക്കുന്ന ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നു.
തൊട്ടുപിന്നാലെ ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന മറ്റൊരു കാര്യം സംഭവിച്ചു. യശസ്വി ജയ്സ്വാൾ ഡബിൾ സെഞ്ചറി പൂർത്തിയാക്കിയപ്പോൾ വൻ ആഘോഷമാണ് നോൺ സ്ട്രൈക്കറായിരുന്ന സർഫറാസ് നടത്തിയത്. ഇരു കൈകളും ഉയർത്തി ജയ്സ്വാളിനു നേരെ ഓടിയെത്തിയ സർഫറാസ്, താരത്തെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു. സർഫറാസിന്റെ ആഘോഷ പ്രകടനവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഇരുവരും മുംബൈയുടെ താരങ്ങളാണ്.
യശസ്വി ജയ്സ്വാൾ മത്സരത്തിൽ ഡബിൾ സെഞ്ചറിയും സർഫറാസ് അർധ സെഞ്ചറിയും സ്വന്തമാക്കി പുറത്താകാതെ നിന്നു. മത്സരത്തിൽ 434 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്സിൽ 236 പന്തുകൾ നേരിട്ട ജയ്സ്വാൾ 214 റൺസാണു നേടിയത്. സർഫറാസ് ഖാൻ 72 പന്തിൽ 68 റൺസെടുത്തു. 430 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ 557 റൺസെന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു മുന്നിൽവച്ചത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 122 റണ്‍സെടുത്തു പുറത്തായി.