ശുഐബ് മാലിക്കിന്റെ പ്രകടനം കാണാൻ സ്റ്റേഡിയത്തിലെത്തി സന ജാവേദ്, അർധ സെഞ്ചറിയുമായി താരം
Mail This Article
ഇസ്‍ലാമബാദ്∙ 2024ലെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ശുഐബ് മാലിക്കിന്റെ ആദ്യ മത്സരം കാണാനെത്തി ഭാര്യ സന ജാവേദ്. പിഎസ്എല്ലിൽ കറാച്ചി കിങ്സ് ടീമിന്റെ താരമാണ് 42 വയസ്സുകാരനായ മാലിക്. ആദ്യ മത്സരത്തിൽ തന്നെ താരം അർധ സെഞ്ചറി നേടിയെങ്കിലും, കറാച്ചി ടീം മുൾട്ടാൻ സുൽത്താൻസിനോടു തോൽവി വഴങ്ങി. മത്സരത്തിൽ 35 പന്തുകൾ നേരിട്ട മാലിക് 53 റൺസാണു നേടിയത്. ബൗണ്ടറി ലൈനിന് അപ്പുറത്ത് മാലിക്കിനെ പ്രോത്സാഹിപ്പിക്കുന്ന സനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുൾട്ടാൻ സുൽത്താൻസ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 130 റൺസെടുക്കാനേ കറാച്ചി കിങ്സിനു സാധിച്ചുള്ളൂ. ഈ വർഷം ജനുവരി 19ന് കറാച്ചിയിൽവച്ചായിരുന്നു മാലിക്കും സനയും വിവാഹിതരായത്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായുള്ള 14 വർഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷമായിരുന്നു മാലിക്കിന്റെ മൂന്നാം വിവാഹം.
മാലിക്കും സന ജാവേദും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോഴായിരുന്നു ഇക്കാര്യം പുറംലോകമറിഞ്ഞത്. മാലിക്കും സനയും വർഷങ്ങളായി അടുപ്പത്തിലായിരുന്നെന്ന റിപ്പോർട്ടുകളും പിന്നാലെ പുറത്തുവന്നു. പാക്ക് നടിയും മോഡലുമാണ് സന ജാവേദ്. സാനിയ മിര്‍സ വിവാഹമോചനം നേടിയതായി സാനിയയുടെ പിതാവാണ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്.