സർഫറാസിനെ പുറത്താക്കിയതു ജഡേജയുടെ പിഴവ്, പക്ഷേ പിന്നീട് മാതൃക കാട്ടി: ഡിവില്ലിയേഴ്സ്
Mail This Article
രാജ്കോട്ട്∙ കരിയറിലെ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ താരം സർഫറാസ് ഖാനെ പുറത്താക്കിയത് രവീന്ദ്ര ജഡേജയുടെ പിഴവു തന്നെയാണെന്ന് ദക്ഷിണാഫ്രിക്കയുടെ മുൻ താരം എ ബി ഡിവില്ലിയേഴ്സ്. എന്നാൽ സർഫറാസിന്റെ വിക്കറ്റ് പോയതിലുള്ള കുറ്റബോധം രവീന്ദ്ര ജഡേജയുടെ ശരീരഭാഷയിൽ കാണാന്‍ സാധിച്ചുവെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. ‘‘രവീന്ദ്ര ജഡേജയാണ് സർഫറാസിനെ റൺഔട്ടാക്കിയതെന്നതു ശരിയാണ്. അദ്ദേഹമാണ് ഇവിടെ കുറ്റക്കാരൻ. പക്ഷേ സെഞ്ചറി തികച്ചപ്പോഴും അതിന്റെ എല്ലാ പ്രയാസവും കുറ്റബോധവും ജഡേജയുടെ ശരീര ഭാഷയിൽ പ്രകടമായിരുന്നു.’’– ഡിവില്ലിയേഴ്സ് യൂട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.
‘‘വളരെ ശാന്തനായാണ് ജഡേജ സെഞ്ചറി ആഘോഷിച്ചത്. സർഫറാസ് ഖാനെ റൺഔട്ടാക്കിയതിന്റെ എല്ലാ നിരാശയും രവീന്ദ്ര ജഡേജയ്ക്കുണ്ടായിരുന്നു. വിക്കറ്റ് നഷ്ടമായപ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് മാതൃകാപരമായ നടപടിയാണ്. സർഫറാസ് ഖാന്റെ കുടുംബം അദ്ദേഹത്തിന്റെ കളി കാണാൻ സ്റ്റേഡിയത്തിൽ എത്തിയതു മനോഹരമായ കാഴ്ചയാണ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ ഞാനും സർഫറാസും ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തിൽ എനിക്ക് അഭിമാനമുണ്ട്. അർധ സെഞ്ചറി നേടിയപ്പോൾ താരത്തിന്റെ പിതാവ് ചുംബനം നൽകുന്നതും മത്സരത്തിലെ മനോഹരമായ കാഴ്ചയായി.’’– ഡിവില്ലിയേഴ്സ് വിഡിയോയിൽ വ്യക്തമാക്കി.
രാജ്കോട്ട് ടെസ്റ്റിൽ സർഫറാസ് ഖാൻ പുറത്താകാൻ കാരണം താനാണെന്നു രവീന്ദ്ര ജഡേജ പ്രതികരിച്ചിരുന്നു. സർഫറാസ് മികച്ച പ്രകടനമാണു നടത്തിയതെന്നും താരം പുറത്തായതിൽ സങ്കടമുണ്ടെന്നും ജഡേജ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 66 പന്തുകൾ നേരിട്ട സർഫറാസ് 62 റൺസെടുത്തു റണ്‍ഔട്ടാകുകയായിരുന്നു. ക്രിക്കറ്റ് ആകുമ്പോള്‍ റൺഔട്ടൊക്കെ സംഭവിച്ചു പോകുമെന്നായിരുന്നു സർഫറാസിന്റെ പ്രതികരണം.