ADVERTISEMENT

കയ്യിൽ പണമുണ്ടോ; എങ്കിൽ ഇവിടെ നിക്ഷേപിച്ചോളൂ! പ്രമുഖ ധനകാര്യ വിദഗ്ധരെല്ലാം ഇപ്പോൾ ശുപാർശ ചെയ്യുന്ന ഈ ‘സ്റ്റോക്ക്’ ഏതെങ്കിലും വൻകിട കമ്പനിയുടേത് അല്ല. ഇന്ത്യൻ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ആണ്!  ഐപിഎലിന്റെ മാതൃകയിൽ കഴിഞ്ഞ വർഷം തുടങ്ങിയ ഡബ്ല്യുപിഎൽ ഇന്ത്യയിലെ ഏറ്റവും ശോഭനമായ ഭാവിയുള്ള ബിസിനസുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഒരു കണക്കിങ്ങനെ: വനിതാ പ്രിമിയർ ലീഗിന്റെ 5 വർഷത്തേക്കുള്ള സംപ്രേഷണാവകാശം വയാകോം സ്വന്തമാക്കിയത് 11.7 കോടി യുഎസ് ഡോളറിനാണ് (970 കോടി രൂപ). അതായത് ശരാശരി ഒരു സീസണിൽ 2.34 കോടി യുഎസ് ഡോളർ (ഏകദേശം 194 കോടി രൂപ).

ലോകത്തു തന്നെ ഒരു വനിതാ സ്പോർട്സ് ലീഗിനു കിട്ടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണിത്. യുഎസിലെ വിമൻ നാഷനൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (ഡബ്ല്യുഎൻബിഎ) മാത്രമേ ഇതിനു മുന്നിലുള്ളൂ! വനിതാ പ്രിമിയർ ലീഗിന്റെ രണ്ടാം പതിപ്പിന് നാളെ ബെംഗളൂരുവി‍ൽ തുടക്കമാകുമ്പോൾ ബിസിസിഐ ഉറ്റുനോക്കുന്നത് ‘വനിതാ ക്രിക്കറ്റിന്റെ’ ഈ സാധ്യതയിലേക്കു കൂടിയാണ്. 

നിലവിലെ ചാംപ്യന്മ‍ാരായ മുംബൈ ഇന്ത്യൻസും 2–ാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് ഉദ്ഘാടന മത്സരം.

താരത്തിളക്കവും

പണത്തൂക്കത്തിൽ മാത്രമല്ല വനിതാ പ്രിമിയർ ലീഗ് വളരുന്നത്. സ്മൃതി മന്ഥനയും ഹർമൻപ്രീത് കൗറും ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും അറിയപ്പെടുന്നവരാണ്. ഇരുവരുമാണ് ലീഗിലെ 2 ഇന്ത്യൻ ക്യാപ്റ്റൻമാർ. ഹർമൻ മുംബൈ ഇന്ത്യൻസിനെയും സ്മൃതി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെയും നയിക്കുന്നു. മറ്റു 3 ടീമുകളുടെയും ക്യാപ്റ്റൻമാർ ഓസ്ട്രേലിയൻ താരങ്ങളാണ്. മെഗ് ലാനിങ് ഡൽഹി ക്യാപിറ്റൽസിനെയും അലീസ ഹീലി യുപി വാരിയേഴ്സിനെയും ബെത് മൂണി ഗുജറാത്ത് ജയന്റ്സിനെയും നയിക്കുന്നു. വയനാട്ടിൽ നിന്നുള്ള മിന്നുമണിയും സജന സജീവനുമാണ് ലീഗിലെ കേരളതാരങ്ങൾ. 

നേരിട്ട് ഫൈനൽ

5 ടീമുകളാണ് ടൂർണമെന്റിലുള്ളത്. പ്രാഥമിക റൗണ്ടിൽ എല്ലാ ടീമുകളും പരസ്പരം 2 തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് ഫൈനൽ സ്ഥാനത്തിനായി എലിമിനേറ്റർ കളിക്കാം. 

English Summary:

Women's Premier League cricket starts tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com