രഞ്ജി കളിക്കാൻ മടി, ഇഷാനും ശ്രേയസിനും ‘പണി വരുന്നുണ്ട്’; കരാറിൽനിന്ന് പുറത്താക്കും?
Mail This Article
മുംബൈ∙ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ മടിക്കുന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യര്‍ക്കുമെതിരെ ‘ശിക്ഷാ നടപടി’ എടുക്കാൻ ബിസിസിഐ. 2023–24 സീസണിലെ സെൻട്രൽ കോൺട്രാക്ടിൽനിന്ന് ഇരുവരെയും പുറത്താക്കാൻ ബിസിസിഐ ഒരുങ്ങുന്നതായാണു റിപ്പോർട്ടുകൾ. മുന്നറിയിപ്പു നൽകിയിട്ടും ഇരു താരങ്ങളും രഞ്ജി ട്രോഫി കളിക്കാൻ തയാറായിരുന്നില്ല. ശ്രേയസ് അയ്യർ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ്. ഇഷാൻ കിഷന്‍ ജാർഖണ്ഡ് ടീമിന്റെ താരമാണ്.
സെൻട്രൽ കോൺട്രാക്ടിലുള്ള താരങ്ങളുടെ പുതിയ പട്ടികയ്ക്ക് ഇന്ത്യൻ ടീം സിലക്ടർമാര്‍ അംഗീകാരം നൽകിയിട്ടുണ്ട്. അധികം വൈകാതെതന്നെ ഇതു പുറത്തുവിടുമെന്നാണു വിവരം. നടുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്നു പുറത്തായത്. താരത്തിന്റെ ഫിറ്റ്നസിൽ തൃപ്തി അറിയിച്ച് ദേശീയ ക്രിക്കറ്റ് അക്കാദമി ബിസിസിഐക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ മുംബൈയ്ക്കു വേണ്ടി രഞ്ജി ട്രോഫിയിൽ കളിക്കാൻ ശ്രേയസ് അയ്യർ തയാറായില്ല. നടുവേദനയുണ്ടെന്ന കാരണം പറഞ്ഞാണ് ശ്രേയസ് അയ്യർ രഞ്ജിയിൽനിന്ന് ഒഴിവായത്. ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് ഇഷാൻ കിഷൻ ടീമിനു പുറത്തുപോയത്. കടുത്ത മാനസിക സമ്മർദത്തിലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇഷാന്റെ മടക്കം. ഇന്ത്യയിലെത്തിയ താരം രഞ്ജി ട്രോഫിയിലും കളിക്കാൻ തയാറായില്ല.
പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം താരം ഐപിഎല്ലിനുള്ള പരിശീലനം ആരംഭിച്ചു. ഇതോടെയാണ് ബിസിസിഐ നേരിട്ടു വിഷയത്തിൽ ഇടപ്പെട്ടത്. ബിസിസിഐയുമായി കരാറുണ്ടെങ്കിൽ താരങ്ങൾ രഞ്ജി ട്രോഫി കളിക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ മാധ്യമങ്ങളോടു പറഞ്ഞു. തൊട്ടുപിന്നാലെ താരങ്ങൾക്കെല്ലാം ഇതു സംബന്ധിച്ച് ഔദ്യോഗികമായി സന്ദേശവും നൽകി. എന്നിട്ടും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഇഷാനും ശ്രേയസും കൂട്ടാക്കിയില്ല.