ഡൽഹിക്കെതിരെ മുംബൈ ഇന്ത്യൻസിന് നാടകീയ ജയം
Mail This Article
ബെംഗളൂരു ∙ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന് അവിശ്വസനീയ ജയം സമ്മാനിച്ച് വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ മലയാളി താരം സജന സജീവന്റെ ഉജ്വല അരങ്ങേറ്റം. ഡൽഹി ക്യാപിറ്റൽസിനെതിരായ ഉദ്ഘാടന മത്സരത്തിൽ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് അവസാന ഓവറിലെ അഞ്ചാം പന്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ വിക്കറ്റ് നഷ്ടമായി. ബാറ്റിങ്ങിൽ എട്ടാമതായി ക്രീസിലെത്തിയ സജനയ്ക്കു മുൻപിലുണ്ടായിരുന്ന ലക്ഷ്യം ഒരു പന്തിൽ 5 റൺസ്. മുംബൈ ആരാധകർ തോൽവിയും ഡൽഹി ക്യാംപ് ജയവുമുറപ്പിച്ചു നിൽക്കെ, അലീസ കാപ്സെയുടെ അവസാന പന്തിൽ കൂറ്റൻ സിക്സർ പറത്തി സജന കളി തിരിച്ചു. മുംബൈ ഇന്ത്യൻസിന് 4 വിക്കറ്റിന്റെ നാടകീയ ജയം. വനിതാ പ്രിമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ, നേരിട്ട ആദ്യ പന്തിലായിരുന്ന സജനയുടെ വിസ്മയ പ്രകടനം.
സ്കോർ: ഡൽഹി 20 ഓവറിൽ 5ന് 171. മുംബൈ 20 ഓവറിൽ 6ന് 173.
സീസണിലെ ഉദ്ഘാടന മത്സരം ഇരു ടീമുകളുടെയും ബാറ്റിങ് വെടിക്കെട്ടിനു വേദിയായി മാറി.
ആദ്യം ബാറ്റു ചെയ്ത ഡൽഹി ക്യാപിറ്റൽസിനെ മികച്ച സ്കോറിലെത്തിച്ചത് ഇംഗ്ലണ്ട് താരം അലീസ് കാപ്സെയുടെ (53 പന്തിൽ 75 റൺസ്) അർധ സെഞ്ചറിയാണ്. ജമൈമ റോഡ്രിഗസും (42) ക്യാപ്റ്റൻ മെഗ് ലാനിങ്ങും (31) ഡൽഹി ബാറ്റിങ്ങിൽ തിളങ്ങി.
ഓപ്പണർ ഹെയ്‌ലി മാത്യൂസിനെ (0) തുടക്കത്തിലേ നഷ്ടമായെങ്കിലും യാത്സിക ഭാട്ടിയ (57), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (55) എന്നിവരുടെ അർധ സെഞ്ചറികളുടെ കരുത്തിലാണ് മുംബൈ തിരിച്ചടിച്ചത്. അലീസ കാപ്സെയുടെ അവസാന ഓവറിൽ 12 റൺസായിരുന്നു മുംബൈയുടെ വിജയലക്ഷ്യം. ആദ്യ പന്തിൽ പൂജ വസ്ട്രാക്കറും (1) അഞ്ചാം പന്തിൽ ഹർമനും പുറത്തായതോടെ മുംബൈ മത്സരം കൈവിട്ടെന്നു കരുതിയപ്പോഴാണ് സജന രക്ഷകയായി എത്തിയത്. ഡൽഹി ക്യാപിറ്റൽസ് ടീമിൽ മലയാളി താരം മിന്നു മണിയും അംഗമായിരുന്നു.