ADVERTISEMENT

വനിത പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) രണ്ടാം പതിപ്പിന് ഇന്ന് തുടക്കം കുറിക്കുമ്പോൾ അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ കിരീട പ്രതീക്ഷകളുമായി നേർക്കുന്നേർ ഏറ്റുമുട്ടുന്നത്. എന്നാൽ, ടീം ‘ഇന്ത്യ’യെ സംബന്ധിച്ചിടത്തോളം ഡബ്ല്യുപിഎൽ ഒരു പരീക്ഷണ കളരിയാണ്. ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി പരിഹരിക്കാൻ നിരവധി വെല്ലുവിളികളാണ് ഹർമൻപ്രീതിനും സംഘത്തിനും മുന്നിലുള്ളത്. ലോകക്രിക്കറ്റിൽ ഇതിനോടകം തന്നെ തങ്ങളുടെ സാനിധ്യമറിയിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും സമ്മർദ്ദ ഘട്ടങ്ങളിൽ ഇന്ത്യൻ സംഘം അടിപതറുന്നതു പലപ്പോഴും ക്രിക്കറ്റ് ആരാധകർ കണ്ടിട്ടുള്ളതാണ്. ഏറ്റവും ഒടുവിൽ നടന്ന ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരെയുള്ള പരമ്പരകളിലും ടീമിലെ അസന്തുലിതാവസ്ഥ വ്യക്തമായിരുന്നു. ആറ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഹർമനും സംഘത്തിനും ജയിക്കാനായത്.

Read Also: വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന് ഇന്നു തുടക്കം, രാത്രി എട്ടിന് മുംബൈ ഇന്ത്യൻസ്– ഡൽഹി ക്യാപിറ്റൽസ്

ബാറ്റിങ്ങും ബോളിങ്ങും ഫീൽഡിങ്ങുമടക്കം മൂന്ന് ഡിപ്പാർട്മെന്റുകളിലും ഗുരുതര പ്രശ്നങ്ങളാണ് ടീം ഇന്ത്യയ്ക്ക് മുന്നിലുള്ളത്. സ്ഥിരതയില്ലാത്ത ബാറ്റിങ് ഓർഡർ ഇതിൽ എടുത്തുപറയണം, പ്രത്യേകിച്ച് മധ്യനിരയും വാലറ്റവും പൂർണ പരാജയമാകുന്നിടത്ത്. റൺസ് വിട്ടുനൽകുന്നതിൽ ബോളർമാർ കാണിക്കുന്ന ധാരാളിത്തവും ഔട്ട് ഫീൽഡിലും ഇൻ ഫീൽഡിലും താരങ്ങൾ കളി മറക്കുന്നതും ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വലിയ തലവേദനയാണ്. ലോകകപ്പിന് മുന്നോടിയായി മറ്റ് രാജ്യാന്തര മത്സരങ്ങളൊന്നുമില്ലായെന്നതുകൊണ്ട് തന്നെ ഡബ്ല്യുപിഎലിനെ ഉറ്റുനോക്കുകയാണ് പരിശീലകരും സിലക്ടർമാരും. പല പൊസിഷനുകളിലേക്കും താരങ്ങളെ കണ്ടെത്തേണ്ടതുണ്ടെന്ന് മാത്രമല്ല ടീമിനെ ലോകകപ്പിന് സജ്ജമാക്കാനുമുള്ള അവസരമാണ് ഇന്ത്യയെ സംബന്ധിച്ച് വനിത പ്രീമിയർ ലീഗ്. 

മന്ദാനയിലെ അമിത ഭാരം

ഇന്ത്യൻ വനിത ക്രിക്കറ്റിലെ മിന്നും താരമാണ് സ്മൃതി മന്ദാന. എന്നാൽ പലപ്പോഴും ബാറ്റിങ്ങിലെ പൂർണ ഉത്തരവാദിത്തം മന്ദാനയുടെ മാത്രം തോളിലാകുന്നതാണ് കാണുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളുടെ ഫലമെടുത്തുനോക്കിയാൽ തന്നെ താരം സ്കോർ ചെയ്ത രണ്ട് മത്സരങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. മന്ദാന വേഗത്തിൽ പുറത്തായാൽ ആ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ മധ്യനിരയ്ക്കു സാധിക്കാതെ പോകുന്നതാണ് ബാറ്റിങ് ലൈൻഅപ്പിലെ പ്രധാന പോരായ്മ. മന്ദാനയ്ക്ക് മികച്ച പിന്തുണ നൽകുന്നതിൽ ഷെഫാലി വർമ പരാജയപ്പെടുന്നതും എടുത്തുപറയണം. അതേസമയം ട്വന്റി20യിൽ 27.46 റൺ ശരാശരി മന്ദാനയും ഓപ്പണറെന്ന നിലയിൽ ബാറ്റിങ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. 

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ താരം സ്മൃതി മന്ഥനയുടെ ബാറ്റിങ് (Photo: FB @ IndianCricketTeam)
ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ താരം സ്മൃതി മന്ഥനയുടെ ബാറ്റിങ് (Photo: FB @ IndianCricketTeam)

മുന്നിൽ നിന്ന് ‘നയിക്കണം’ ക്യാപ്റ്റൻ

ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ ഫോമില്ലായ്മയാണ് മറ്റൊരു പ്രശ്നം. ക്രീസിൽ നിലയുറപ്പിക്കാനും താളം കണ്ടെത്താനും ബുദ്ധിമുട്ടുന്ന ക്യാപ്റ്റനെയാണ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം കാണാനായത്. മന്ദാനയെ പോലെ തന്നെ ടീമിലെ ഒരു ഇംപാക്ട് ബാറ്ററാണ് ഹർമൻ, ടീം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു താരം. അതുകൊണ്ടുതന്നെ ഹർമൻകൂടി പുറത്താകുന്നിടത്ത് വാലറ്റത്തിന് ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉടലെടുക്കുന്നു. സ്പിന്നർമാരെ അനായാസം നേരിടാൻ സാധിക്കുന്ന ക്യാപ്റ്റന്റെ തിരിച്ചുവരവാണ് ഡബ്ല്യുപിഎല്ലിലൂടെ രാജ്യം തന്നെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം പുറത്തെടുത്ത ഹർമന് ഈ സീസൺ തിരിച്ചുവരവിനുള്ള അവസരമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 

harman-preet-kaur
ഹർമന്‍പ്രീത് കൗർ

ഫിനിഷറുടെ റോളിൽ ആര്?

ഒരു മികച്ച ഫിനിഷറെ കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഫിനിഷറുടെ അഭാവം വ്യക്തമാക്കുന്ന മത്സരങ്ങളിലൊന്നായിരുന്നു ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനം. റിച്ച ഘോഷ് 96 റൺസെടുത്ത് പുറത്താകുമ്പോൾ ജയിക്കാൻ ഇന്ത്യയ്ക്കുവേണ്ടിയിരുന്നത് 37 പന്തിൽ 41 റൺസായിരുന്നു. ദീപ്തി ശർമ, പൂജ വസ്ത്രാക്കർ, ഹർലിൻ ഡിയോൾ തുടങ്ങിയ താരങ്ങൾ പാഡുകെട്ടാൻ ബാക്കിനിൽക്കെ വിജയമുറപ്പിച്ച ഇന്ത്യ എന്നാൽ മൂന്ന് റൺസിന് കങ്കാരുക്കളോട് പരാജയപ്പെടുകയായിരുന്നു. വിജയലക്ഷ്യം പിന്തുടരുമ്പോൾ മധ്യനിരയിൽ വിജയമുറപ്പിക്കാൻ പറ്റിയ താരങ്ങളാരുമില്ലായെന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഫിനിഷറുടെ റോളിൽ തിളങ്ങാൻ പറ്റുന്ന ഒരുപിടി താരങ്ങൾ ഇത്തവണ ഡബ്ല്യുപിഎല്ലിൽ കളത്തിലിറങ്ങുമ്പോൾ ആ പ്രശ്നവും പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

വട്ടംകറങ്ങുന്ന സ്പിൻ ഡിപ്പാർട്മെന്റ്

ബോളിങ്ങില്‍ ഇന്ത്യയ്ക്ക് തലവേദനയാകുന്നത് മികച്ച സ്പിന്നർമാരുടെ അഭാവമാണ്. പേരെടുത്തുപറയാൻ ഒരുപിടി താരങ്ങളുണ്ടെങ്കിലും തങ്ങളുടെ പ്രകടനംകൊണ്ട് ടീമിലേക്ക് സംഭവന ചെയ്യാൻ സാധിക്കുന്ന താരങ്ങൾ കുറവാണ്. നിരവധി സ്ലോ ലെഫ്റ്റ് ആം ബോളർമാരെയാണ് ദേശീയ ടീമിൽ അടുത്തിടെ പരീക്ഷണ അടിസ്ഥാനത്തിൽ കളിപ്പിച്ചത്. അനുഷ റെഡ്ഡി, രാജേശ്വരി ഗെയ്ക്‌വാദ്, മന്നത്ത് കശ്യപ്, സൈക ഇഷാഖ്, രാധ യാദവ് എന്നിവരെല്ലാം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയ്‌ക്കായി കളിക്കുന്നുണ്ടെങ്കിലും ടീമിൽ സ്ഥിരമായി ഇടംപിടിക്കാൻ ആർക്കും സാധിക്കുന്നില്ല. 

ലെഗ് സ്പിന്നേഴ്സിന്റെ കാര്യവും സമാനമാണ്. സ്പിന്നിനെ തുണയ്ക്കുന്ന ലോകകപ്പ് വേദിയിൽ ഇന്ത്യയെ സംബന്ധിച്ച് എത്രയും വേഗം പരിഹാരം കണ്ടെത്തേണ്ട പ്രശ്നമാണിത്. വനിത പ്രീമിയർ ലീഗിൽ കിരീടം ആരും നേടിയാലും ഇന്ത്യൻ താരങ്ങള്‍ക്ക് വ്യക്തിഗത പ്രകടനങ്ങൾക്കായിരിക്കും കൂടുതൽ മാർക്ക് ലഭിക്കുക. അതുകൊണ്ടു തന്നെ ക്യാപ്റ്റൻ ഹർമൻപ്രീത് മുതൽ മലയാളി താരം മിന്നു മണി വരെ ഓരോരുത്തർക്കും ടൂർണമെന്റ് നിർണായകമാണ്.

English Summary:

WPL, BCCI to solve problems in Indian women's team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com