‘കോമൺ സെൻസ് ബോൾ’: റൂട്ടിന്റെ സെഞ്ചറിക്കു പിന്നാലെ ബാസ്ബോളിനെ വിമർശിച്ച് മൈക്കൽ വോഗൻ
Mail This Article
ലണ്ടൻ∙ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ തകർച്ചയുടെ വക്കിലെത്തിയ ഇംഗ്ലണ്ടിനെ മധ്യനിര ബാറ്റര്‍ ജോ റൂട്ടാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കുറഞ്ഞ പന്തിൽനിന്ന് കൂടുതൽ റൺസ് നേടുകയെന്ന ഇംഗ്ലണ്ടിന്റെ ‘ബാസ്ബോൾ’ ശൈലിയിൽനിന്ന് മാറിയാണ് കഴിഞ്ഞ ദിവസം റൂട്ട് സെഞ്ചറി കണ്ടെത്തിയത്. പരമ്പരാഗത ടെസ്റ്റ് രീതിയിൽ ബാറ്റുചെയ്ത താരം 274 പന്തിൽനിന്ന് 122 റൺസ് നേടി പുറത്താകാതെ നിന്നു. ആദ്യ മൂന്ന് മത്സരങ്ങളിൽനിന്ന് റൂട്ടിന് നേടാനായത് ആകെ 77 റൺസ് മാത്രമായിരുന്നു. ഇതിനു പിന്നാലെ ബാസ്ബോൾ ശൈലിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോഗൻ.
‘കോമൺ സെൻസ് ബോൾ കാണാൻ മനോഹരം’ എന്നാണ് താരം എക്സിൽ കുറിച്ചത്. ബാസ്ബോളിനെ പരോക്ഷമായി ഇതിലൂടെ പരിഹസിക്കുകയാണ് വോഗൻ ചെയ്തത്. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ 5ന് 122 എന്ന നിലയിൽ തകർച്ച മുന്നിൽക്കണ്ട ടീമിനെ റൂട്ടും ബെൻ ഫോക്സും ചേർന്ന് രക്ഷിക്കുകയായിരുന്നു. 126 പന്തു നേരിട്ട ഫോക്സ് 47 റൺസ് നേടി. ഇരുവരും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. സമീപകാല ശൈലിയിൽനിന്ന് മാറിയുള്ള ഈ ബാറ്റിങ് ഇംഗ്ലണ്ടിന്റെ സ്കോർ ഉയർത്തുന്നതിൽ നിർണായകമായി.
അതേസമയം, രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 353 റൺസിൽ അവസാനിച്ചു. ഒലി റോബിൻസൻ (58) കരിയറിലെ ആദ്യ അർധ സെഞ്ചറി കണ്ടെത്തി. ഇംഗ്ലണ്ടിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകൾ രവീന്ദ്ര ജഡേജ വീഴ്ത്തി. കഴിഞ്ഞ ദിവസം മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ആകാശ് ദീപിന്റെ പ്രകടനവും ഇന്ത്യയ്ക്ക് കരുത്തായി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയെ (2) നഷ്ടമായെങ്കിലും യശസ്വി ജയ്സ്‌വാളും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോവുകയാണ്. പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലാണ്.