വനിത പ്രീമിയർ ലീഗിൽ ആശ ശോഭനയുടെ റെക്കോർഡ് പ്രകടനം; യുപി വാരിയേഴ്സിനെ വീഴ്ത്തിയ മലയാളിക്കരുത്ത്
Mail This Article
വനിത പ്രീമിയർ ലീഗിന്റെ രണ്ടാം പതിപ്പ് പുരോഗമിക്കുമ്പോൾ ടീമുകളുടെ വിജയത്തേര് നയിക്കുന്നത് മലയാളികൾ തന്നെയാണ്. ഉദ്ഘാടന മത്സരത്തിൽ ഡൽഹിക്കെതിരെ സജന സജീവൻ നേടിയ അവസാന പന്തിലെ സിക്സർ മുംബൈക്ക് വിജയമൊരുക്കിയപ്പോൾ സ്മൃതി മന്ഥനയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആദ്യ വിജയം തിരുവനന്തപുരംകാരി ആശ ശോഭനയുടെ മിന്നും പ്രകടനത്തിലായിരുന്നു. അഞ്ച് വിക്കറ്റ് നേട്ടത്തിൽ ചരിത്രമെഴുതിയ ശോഭന കളം നിറഞ്ഞു കളിച്ചപ്പോൾ അനായാസം വിജയം പ്രതീക്ഷിച്ചിറങ്ങിയ യുപി വാരിയേഴ്സിന് പരാജയം രുചിക്കേണ്ടി വന്നു.
Read Also: മിന്നു മണിയുടെയും സജനയുടെയും ‘ക്രിക്കറ്റ് ഗുരു’; ഡബ്ല്യുപിഎൽ മത്സരം കാണാൻ എൽസമ്മ ബെംഗളൂരുവിൽ
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ യുപി വാരിയേഴ്സല്ല ഏതൊരു ടീമിനെയും സംബന്ധിച്ചിടത്തോളം ചെറിയ വിജയലക്ഷ്യമാണ് 157 റൺസ്. ബാറ്റർമാർക്ക് ആറാടാൻ സാധിക്കുന്ന പിച്ചാണ് അവിടെയുള്ളത്. എന്നാൽ വിജയം മാത്രം മുന്നിൽ കണ്ട സ്മൃതിയ്ക്കും ബാംഗ്ലൂരിനും വേണ്ടി ഇന്നിങ്സിന്റെ രണ്ടാം പകുതിയോടെ ഡ്രൈവിങ് സീറ്റിൽ ശോഭനയെത്തുകയായിരുന്നു. ബാംഗ്ലൂരിന്റെ വിജയത്തിലെ തുറുപ്പുചീട്ടായി ഈ വലംകൈ ലെഗ് സ്പിന്നർ മാറിയതങ്ങനെയാണ്.
മത്സരത്തിന്റെ ഏഴാം ഓവർ എറിയാനെത്തിയ ശോഭനയുടെ ആദ്യ മൂന്ന് പന്തുകളിൽ റൺ കണ്ടെത്താൻ ക്രീസിലുണ്ടായിരുന്ന വൃന്ദ ദിനേശിന് സാധിച്ചില്ല. നാലാം പന്തിൽ സിംഗിളോടി സ്ട്രൈക്കെൻഡിലെത്തിയ ടഹ്‌ലിയ മഗ്രോ ശോഭനയെ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചെങ്കിലും അവസാന പന്തിലും റൺസൊന്നുമെടുക്കാൻ ടഹ്‌ലിയയ്ക്കായില്ല. പരീക്ഷണം വിജയകരമായതോടെ ക്യാപ്റ്റൻ സ്മൃതി ഒൻപതാം ഓവറും ശോഭനയെ ഏൽപ്പിച്ചു. ഇത്തവണ വിക്കറ്റ് വീഴ്ത്തുക എന്ന ഉത്തരവാദിത്വവും ശോഭനയ്ക്കുമേലുണ്ടായിരുന്നു. ക്രീസിൽ നിലയുറപ്പിച്ച ടഹ്‌ലിയ - വൃന്ദ കൂട്ടുകെട്ട് തകർക്കേണ്ടത് അനിവാര്യമായിരുന്ന സമയമായിരുന്നു അത്.
തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ വൃന്ദയെ റിച്ചാ ഘോഷിന്റെ സഹായത്തോടെ ശോഭന കൂടാരം കയറ്റി. ഡ്രൈവിനായി സ്റ്റെപ്പ് ഔട്ട് ചെയ്ത വൃന്ദയ്ക്ക് പന്ത് കണക്ട് ചെയ്യാൻ സാധിച്ചില്ല. ഒരു പന്തിനപ്പുറം ടഹ്‌ലിയയും ശോഭനയ്ക്ക് മുന്നിൽ വീണു. ഓസ്ട്രേലിയൻ താരത്തെ നട്ട്മഗ് ചെയ്തായിരുന്നു ശോഭന ബൗൾഡാക്കിയത്. ഒൻപതാം ഓവറിൽ രണ്ട് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ശോഭന ബാംഗ്ലൂരിനെ വിജയ വഴിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. തന്റെ മൂന്നാം ഓവറിൽ വിക്കറ്റുകളൊന്നും വീഴ്ത്താൻ സാധിച്ചില്ലെങ്കിലും 11 റൺസ് മാത്രമാണ് താരം വിട്ടുനൽകിയത്.
എന്നാൽ ശോഭനയ്ക്ക് പിന്തുണ നൽകുന്നതിൽ ബാംഗ്ലൂരിന്റെ മറ്റ് ബോളർമാർ പരാജയപ്പെട്ടതോടെ യുപി വാരിയേഴ്സ് റൺസ് കണ്ടെത്താൻ തുടങ്ങി. ശ്വേതയും ഗ്രേസ് ഹാരിസും യുപി വിജയത്തീരത്തേക്ക് നയിക്കുമെന്ന ഘട്ടത്തിൽ സ്മൃതി വീണ്ടും ശോഭനയിൽ വിശ്വാസമർപ്പിച്ചു. ടി20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ 17-ാം ഓവറിൽ മൂന്ന് വിക്കറ്റുകളുമായി ശോഭന വീണ്ടും മത്സരം ബാംഗ്ലൂരിന്റെ വരുതിയിലാക്കി. ആദ്യ പന്തിൽ ശ്വേത എക്സ്ട്രാ കവറിൽ സ്മൃതി മന്ഥനയുടെ കൈകളിലെത്തിയപ്പോൾ നാലാം പന്തിൽ ഗ്രേസ് ക്ലീൻ ബോൾഡ്. ഓവറിലെയും മത്സരത്തിലെയും തന്റെ അവസാന പന്ത് ചരിത്രത്തിലേക്കായിരുന്നു ശോഭനയെറിഞ്ഞത്. കിരണിനെ ക്രീസിന് പുറത്തെത്തിച്ച് റിച്ചയുടെ സഹായത്തോടെ സ്റ്റംപിങ്.
വനിത പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ശോഭന തന്റെ പേരിൽ കുറിച്ചത്. മത്സരം അവസാനിക്കുമ്പോൾ 22 റൺസ് മാത്രം വിട്ടുനൽകിയാണ് ശോഭന അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയത്. കേരളത്തിനുവേണ്ടിയും പുതുച്ചേരിക്കുവേണ്ടിയും റെയിൽവേയ്സിനുവേണ്ടിയും ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള 33കാരി ഇന്ത്യ എ ടീമിലും ഇടം പിടിച്ചിട്ടുണ്ട്. ഓൾറൗണ്ടർ പൊസിഷനിൽ കളിക്കുന്ന ശോഭന വലംകൈ ബാറ്റർകൂടിയാണ്. വരും മത്സരങ്ങളിലും ബാംഗ്ലൂരിന്റെ കളിതന്ത്രങ്ങളിൽ ശോഭനയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരിക്കാനാണ് സാധ്യത.