ADVERTISEMENT

റാഞ്ചി∙ ടെസ്റ്റിൽ 500 വിക്കറ്റെന്ന നാഴികക്കല്ലിനു പിന്നാലെ മറ്റൊരു റെക്കോർഡു കൂടി സ്വന്തം പേരിൽ എഴുതിച്ചേർത്ത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യയിൽ നടന്ന ടെസ്റ്റുകളിൽനിന്ന് ഏറ്റവും കൂടുതൽ വിക്കറ്റെന്ന മുൻതാരം അനിൽ കുംബ്ലെയുടെ റെക്കോർഡാണ് റാഞ്ചിയിൽ അശ്വിൻ മറികടന്നത്. ഇംഗ്ലണ്ട് ബാറ്റർ ബെൻ ഡക്കറ്റിനെ പുറത്താക്കിയാണ് അശ്വിന്‍ ഇന്ത്യൻ മണ്ണിൽ‍ 350 വിക്കറ്റ് തികച്ചത്. പിന്നാലെ ഒലി പോപ്പിനെയും ജോ റൂട്ടിനെയും പുറത്താക്കി ആകെ വിക്കറ്റ് 352 ആക്കി ഉയർത്തി.

ഇന്ത്യയിൽ 63 ടെസ്റ്റ് കളിച്ചിട്ടുള്ള കുംബ്ലെ ഈ മത്സരങ്ങളില്‍നിന്ന് 350 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ആകെ 132 മത്സരങ്ങളിൽനിന്ന് 619 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. അതേസമയം, നാട്ടിൽ 59–ാമത്തെയും കരിയറിൽ 99–ാമത്തെയും ടെസ്റ്റാണ് അശ്വിൻ കളിക്കുന്നത്. ഏഷ്യയിൽ 400 വിക്കറ്റെന്ന നാഴികക്കല്ലും താരം പിന്നിട്ടു. നേരത്തെ ഇംഗ്ലണ്ടിന്റെ സാക്ക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിൻ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 

റാഞ്ചി ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 46 റൺസിന്റെ ലീഡാണ് ഇന്ത്യ വഴങ്ങിയത്. 90 റൺസ് നേടിയ ധ്രുവ് ജുറൈലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ഓപ്പണർ യശസ്വി ജയ്സ്‌വാൾ 73 റൺസ് നേടി. ടൂർണമെന്റിൽ 600 റൺസിലേറെ പിന്നിടാനും ജയ്സ്‌വാളിനായി. ഇംഗ്ലണ്ടിനെതിരെ രണ്ട് ഇരട്ട സെഞ്ചറികളാണ് താരം നേടിയത്. ഇന്ത്യയ്ക്കുവേണ്ടി ഒരു ടെസ്റ്റ് പരമ്പരയില്‍ അറുന്നൂറിലധികം റണ്‍സ് നേടുന്ന അഞ്ചാമത്തെ മാത്രം താരമാണ് ജയ്സ്‌വാൾ.

English Summary:

R Ashwin breaks Kumble's record to became the leading wicket taker in Indian soil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com