ടെസ്റ്റിൽ 4000, ഫസ്റ്റ് ക്ലാസിൽ 9000; റാഞ്ചിയിൽ പുതിയ നാഴികക്കല്ലുകൾ താണ്ടി ഹിറ്റ്മാൻ
Mail This Article
റാഞ്ചി∙ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ അർധ സെഞ്ചറി നേടി പുറത്തായ ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റിൽ പുതിയ നാഴികക്കല്ലുകൾ പിന്നിട്ടു. കരിയറിലെ 17–ാം ടെസ്റ്റ് ഫിഫ്റ്റി കണ്ടെത്തിയ രോഹിത് 81 പന്തിൽ 55 റൺസെടുത്താണ് പുറത്തായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കിയ ഹിറ്റ്മാൻ ഇതിനിടെ രാജ്യാന്തര ടെസ്റ്റിൽ 4000 റൺസെന്ന നാഴികക്കല്ലും പിന്നിട്ടു.
Read Also: രോഹിത്തിനും ഗില്ലിനും അർധ സെഞ്ചറി; നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം, പരമ്പര
4000 ടെസ്റ്റ് റൺസ് നേടുന്ന 17–ാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. 4154 റൺസ് നേടിയിട്ടുള്ള മുൻതാരം ഗൗതം ഗംഭീറാണ് റൺവേട്ടയിൽ രോഹിത്തിനു തൊട്ടു മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരെ 1000 ടെസ്റ്റ് റൺസെന്ന നേട്ടവും ഹിറ്റ്മാൻ സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്കായി രോഹിത് മികച്ച തുടക്കമാണ് നൽകിയത്. വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്.
ആദ്യ വിക്കറ്റിൽ 84 റൺസ് കണ്ടെത്തിയ ഇന്ത്യയ്ക്ക് 37 റൺസ് നേടിയ യശസ്വി ജയ്സ്‌വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീട് സ്കോർ ബോർഡിൽ 36 റൺസ് കൂടി ചേർക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാല് മുൻനിര വിക്കറ്റുകൾ കൂടി നഷ്ടമായി. ശുഭ്മൻ ഗില്ലും ധ്രുവ് ജുറേലും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. മത്സരം ജയിച്ചതിനൊപ്പം ഇന്ത്യ 3–1ന് പരമ്പരയും സ്വന്തമാക്കി. മാർച്ച് 7ന് ധരംശാലയിലാണ് അവസാന ടെസ്റ്റ്.