നിർബന്ധിച്ച് ഒന്നും ചെയ്യാന്‍ സാധിക്കില്ല: ബിസിസിഐ നടപടിയിൽ പ്രതികരിച്ച് ഇന്ത്യൻ താരം
Mail This Article
മുംബൈ∙ താരങ്ങൾക്ക് താൽപര്യമില്ലെങ്കിൽ നിർബന്ധിച്ച് ആഭ്യന്തര ക്രിക്കറ്റ് കളിപ്പിച്ചിട്ട് എന്താണു കാര്യമെന്ന് വെറ്ററൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ഒഴിവാക്കിയതിനു പിന്നാലെയാണു സാഹയുടെ പ്രതികരണം. ‘‘അത് ബിസിസിഐയുടെ തീരുമാനമാണ്. ബന്ധപ്പെട്ട താരങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. നിർബന്ധിച്ച് നിങ്ങൾക്ക് ഒന്നും ചെയ്യിക്കാനാകില്ല.’’– സാഹ വ്യക്തമാക്കി.
ക്രിക്കറ്റ് താരങ്ങൾ എല്ലാ മത്സരങ്ങള്‍ക്കും തുല്യപരിഗണന നൽകണമെന്നും സാഹ പറഞ്ഞു. ‘‘ഞാന്‍ കളിക്കാന്‍ ഫിറ്റാണെങ്കിൽ ക്ലബ്ബ് മത്സരങ്ങൾ അടക്കം കളിക്കാൻ പോകാറുണ്ട്. മത്സരങ്ങളെ മത്സരങ്ങളായി കാണുക. എല്ലാ കളികളും എനിക്കു തുല്യമാണ്. എല്ലാ താരങ്ങളും ഇങ്ങനെ ചിന്തിച്ചാൽ കരിയർ മെച്ചപ്പെടുത്താൻ അതു സഹായിക്കും. ഇന്ത്യൻ ക്രിക്കറ്റിനും അതു ഗുണമാകും.’’– സാഹ പറഞ്ഞു.
‘‘ചില താരങ്ങൾക്ക് കളിക്കാൻ അവസരം ലഭിക്കുമ്പോൾ അവർക്ക് അതിനു താൽപര്യം ഇല്ല. നിങ്ങൾക്ക് അവസരം കിട്ടുമ്പോഴൊക്കെ ടൂർണമെന്റ് ഏതാണെന്നു നോക്കാതെ കളിക്കുകയാണു വേണ്ടത്. ആഭ്യന്തര ക്രിക്കറ്റിന് ഇപ്പോഴും അതിന്റെ പ്രാധാന്യമുണ്ട്. സർഫറാസ് ഖാൻ കഴിഞ്ഞ അഞ്ച് വർഷത്തോളമായി വളരെയേറെ റൺസ് സ്കോര്‍ ചെയ്തത് ആഭ്യന്തര ക്രിക്കറ്റിലാണ്.’’– ഇന്ത്യൻ താരം പ്രതികരിച്ചു.