ADVERTISEMENT

ഹൈദരാബാദ്∙ ഇത്തവണത്തെ ഐപിഎൽ സീസണിൽ ടീമിനെ നയിക്കാനായി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമിൻസാണ് സൺറൈസേഴ്സിന്റെ പുതിയ നായകൻ. ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ 20.50 കോടി രൂപ മുടക്കിയാണ് കമിന്‍സിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. പിന്നാലെ താരത്തെ ക്യാപ്റ്റനാക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Read Also: കോലിയെ മാറ്റി രോഹിത്തിനെ ക്യാപ്റ്റനാക്കിയത് ഐപിഎല്‍ കിരീടനേട്ടം കൂടി കണക്കിലെടുത്ത്: ഗാംഗുലി

കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ദക്ഷിണാഫ്രിക്കൻ താരം എയ്ഡന്‍ മര്‍ക്രത്തെ മാറ്റാന്‍ സണ്‍റൈസേഴ്സ് തയാറാവില്ലെന്ന തരത്തിലും അഭ്യൂഹമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗായ എസ്എ20യിൽ, ‘സണ്‍റൈസേഴ്സ് ഈസ്റ്റേൺ കേപ്’ മര്‍ക്രത്തിന്‍റെ ക്യാപ്റ്റൻസിയിലാണ് കിരീടം നേടിയത്. ഇതിനു പിന്നാലെ ചർച്ചയ്ക്ക് ചൂടേറി. എന്നാല്‍ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് എക്സിലൂടെ ടീം മാനേജ്മെന്റ് തീരുമാനം അറിയിക്കുകയായിരുന്നു.

അവസാന മൂന്ന് ഐപിഎൽ പതിപ്പുകൾക്കിടെ സണ്‍റൈസേഴ്സിനെ നയിക്കാനെത്തുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കമിന്‍സ്. 2022ല്‍ കെയ്ന്‍ വില്യംസനും കഴിഞ്ഞ സീസണില്‍ മാര്‍ക്രവും ഹൈദരാബാദിനെ നയിച്ചു. ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ സീസണിൽ കമിന്‍സ് വിട്ടുനിന്നിരുന്നു. ഓസീസിനെ ലോക കിരീട നേട്ടത്തിലെത്തിച്ച ശേഷമാണ് കമിന്‍സ് സണ്‍റൈസേഴ്സിന്‍റെ നായക പദവി ഏറ്റെടുക്കുന്നത്. കമിൻസ് നായകനാവുന്നത് ടീമിന് കൂടുതൽ ഊർജം പകരുമെന്ന് മാനേജ്മെന്റ് കണക്കുകൂട്ടുന്നു.

ഒടുവിലത്തെ സീസണില്‍ 4 ജയവുമായി അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്സ് ഫിനിഷ് ചെയ്തത്. ഇത്തവണ താരലേലത്തില്‍ മികച്ച ഫോമിലുള്ള ഒരുപിടി രാജ്യാന്തര താരങ്ങളെ സ്വന്തമാക്കിയാണ് ടീം കളത്തിലിറങ്ങാൻ തയാറെടുക്കുന്നത്. ഓസ്ട്രേലിയക്കായി ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിനെയും ലങ്കന്‍ താരം വാനിന്ദു ഹസരങ്കയെയും ഉൾപ്പെടെ ടീമിലെത്തിച്ചിട്ടുണ്ട്. മാര്‍ച്ച് 23ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് സീസണില്‍ സണ്‍റൈസേഴ്സിന്‍റെ ആദ്യ മത്സരം.

English Summary:

IPL 2024: Pat Cummins officially unveiled as captain of Sunrisers Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com