കുറച്ചു റൺസേ ഉള്ളു, എന്നിട്ടും എന്തൊരു ചാട്ടം? ഗില്ലിനെ ‘ചൊറിഞ്ഞ’ ബെയർസ്റ്റോയ്ക്കെതിരെ സർഫറാസ്
Mail This Article
ധരംശാല∙ ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനിടെ ഗ്രൗണ്ടിൽവച്ച് തർക്കിച്ച് ഇംഗ്ലിഷ് താരം ജോണി ബെയർസ്റ്റോയും ഇന്ത്യൻ താരങ്ങളും. ജോണി ബെയര്‍സ്റ്റോ ബാറ്റു ചെയ്യുന്നതിനിടെ സ്റ്റംപ് മൈക്കിലാണ് താരങ്ങള്‍ തമ്മിലുള്ള സംസാരം പതിഞ്ഞത്. ശുഭ്മൻ ഗില്ലിനെ ബെയർസ്റ്റോ സ്ലെഡ്ജ് ചെയ്തതോടെ യുവതാരം സർഫറാസ് ഖാനും വിഷയത്തിൽ ഇടപെട്ടു. ‘‘ക്ഷീണത്തെക്കുറിച്ചു നിങ്ങൾ എന്താണു ജെയിംസ് ആൻഡേഴ്സനോടു പറഞ്ഞത്. അതിന് ശേഷം നിങ്ങളെ പുറത്താക്കിയിരുന്നല്ലോ?’’– എന്നാണ് ബെയർസ്റ്റോ ഗില്ലിനോടു ചോദിച്ചത്.
അതിനെന്താണ്? ഞാൻ സെഞ്ചറിയടിച്ച ശേഷമായിരുന്നു അതെന്നായിരുന്നു ഗില്ലിന്റെ മറുപടി. ഇംഗ്ലണ്ട് താരങ്ങൾ എത്ര റൺസ് എടുത്തുവെന്നും ഗിൽ ബെയര്‍സ്റ്റോയോടു തിരിച്ചുചോദിക്കുന്നുണ്ട്. ഇതോടെയാണ് സർഫറാസും ഇടപെട്ടു സംസാരിച്ചത്. ഇന്നു കുറച്ചു റൺസേ എടുത്തിട്ടുള്ളൂ, എന്നിട്ടും ഒരുപാടു ചാടുന്നു എന്നായിരുന്നു സർഫറാസിന്റെ കമന്റ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ 31 പന്തുകൾ നേരിട്ട ജോണി ബെയർസ്റ്റോ 39 റൺസെടുത്താണു പുറത്തായത്. മൂന്നു വീതം സിക്സുകളും ഫോറുകളും താരം ബൗണ്ടറി കടത്തി. കുൽദീപ് യാദവിന്റെ പന്തിൽ എൽബിഡബ്ല്യു ആയാണ് ബെയർസ്റ്റോ പുറത്തായത്. അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്സിനും 64 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്.
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 195 റൺസിനു പുറത്തായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 259 റൺസിന്റെ ലീഡെടുത്തിരുന്നു. രണ്ടാം ഇന്നിങ്സില്‍ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങിയത്. 128 പന്തുകൾ നേരിട്ട റൂട്ട് 84 റൺസെടുത്തു പുറത്തായി. ആർ. അശ്വിൻ ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി.