ഓസ്ട്രേലിയയെ പിന്തള്ളി, ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ടോപ് ടീം; എല്ലാ ഫോർമാറ്റുകളിലും ഒന്നാമത്
Mail This Article
ന്യൂഡൽഹി∙ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4–1ന് സ്വന്തമാക്കിയതോടെയാണ്, ഓസ്ട്രേലിയയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ തോറ്റതിനു ശേഷം, പരമ്പരയിലെ പിന്നീടുള്ള എല്ലാ കളികളും മികച്ച മാർജിനില്‍ വിജയിച്ച് ഇന്ത്യ തിരിച്ചുവരവു നടത്തുകയായിരുന്നു.
ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് നിലവിൽ 122 പോയിന്റുകളുണ്ട്. ഓസ്ട്രേലിയയ്ക്ക് 117 പോയിന്റും മൂന്നാമതുള്ള ഇംഗ്ലണ്ടിന് 111 പോയിന്റുമുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് ടേബിളിലും ഇന്ത്യയാണു നിലവിലെ ഒന്നാം സ്ഥാനക്കാർ. ഏകദിന, ട്വന്റി20 റാങ്കിങ്ങിലും ഇന്ത്യയാണ് ടോപ് ടീം. ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് 121 പോയിന്റും രണ്ടാമതുള്ള ഓസീസിന് 118 പോയിന്റുകളുമാണുള്ളത്.
ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് 266 പോയിന്റും രണ്ടാമതുള്ള ഇംഗ്ലണ്ടിന് 256 പോയിന്റുമുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ 2024 ജനുവരി വരെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ഇന്ത്യയായിരുന്നു ഒന്നാമത്. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കു പോയി.