കോൺഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കാൻ മുൻ ഇന്ത്യൻ താരം; യൂസഫ് പഠാനെ ഇറക്കി തൃണമൂൽ കോൺഗ്രസ്
Mail This Article
കൊൽക്കത്ത∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തൃണമൂൽ കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും. ബംഗാളിലെ ബഹറാംപൂർ മണ്ഡലത്തിൽനിന്നാണ് യൂസഫ് പഠാൻ ജനവിധി തേടുക. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ സിറ്റിങ് സീറ്റാണ് ഇത്. ബഹറാംപൂരിൽനിന്ന് അഞ്ചുവട്ടം ലോക്സഭയിലെത്തിയ അധീർ രഞ്ജൻ ചൗധരി തന്നെ ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണു വിവരം. ഞായറാഴ്ച യൂസഫ് പഠാൻ തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തു.
ബംഗാളിലെ 42 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇന്ത്യ സഖ്യത്തിൽനിന്ന് തെറ്റിയ തൃണമൂൽ ബംഗാളിൽ ഒറ്റയ്ക്കാണു മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ബഹറാംപൂർ സീറ്റ് കോൺഗ്രസിന് നൽകാമെന്നു നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സഖ്യസാധ്യതകൾ ഇല്ലാതായതോടെയാണ് സീറ്റ് പിടിച്ചെടുക്കാൻ ‘സെലിബ്രിറ്റി’ സ്ഥാനാർഥിയെ തന്നെ തൃണമൂൽ കളത്തിലിറക്കിയത്.
മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം കീർത്തി ആസാദ് ബർധമാൻ– ദുർഗാപൂർ സീറ്റിൽ തൃണമൂൽ കോൺഗ്രസിനുവേണ്ടി മത്സരിക്കുന്നുണ്ട്. ബംഗാളിൽ മുഹമ്മദ് ഷമിയെ മത്സരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍പ്രദേശ് സ്വദേശിയായ ഷമി ബംഗാളിനു വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ ഭൂരിഭാഗവും കളിച്ചത്.