യുവ യുവ ജയഹേ! 100 വർഷത്തിനിടെ ആദ്യം, ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പരമ്പര വിജയം നേടിയത് എങ്ങനെ?
Mail This Article
ധരംശാല ∙ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലെ തോൽവിക്കുശേഷം അടുത്ത 4 മത്സരങ്ങളും അനായാസം വിജയിച്ചുള്ള ഇന്ത്യയുടെ പരമ്പര നേട്ടം വിമർശകരെയെല്ലാം നിശ്ശബ്ദരാക്കി. 5 ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോറ്റ ടീം 4–1ന് പരമ്പര സ്വന്തമാക്കുന്നത് 100 വർഷത്തിനിടെ ആദ്യമാണ്. ഹൈദരാബാദ് ടെസ്റ്റിലെ വീഴ്ചയ്ക്കുശേഷം ഇന്ത്യൻ ടീം പരമ്പരയിലേക്കു തിരിച്ചുവന്നതെങ്ങനെ?
Read Also: അങ്ങോട്ട് പോയി ചൊറിഞ്ഞ് ഷൊരീഫുൾ, ട്രോഫിയുമായി ലങ്കൻ താരങ്ങളുടെ ‘ടൈംഡ് ഔട്ട്’ ആഘോഷം
ജയ്സ്വാളിന്റെ ഫോം
ഇരുപത്തിരണ്ടുകാരൻ യശസ്വി ജയ്സ്വാളിന്റെ പേരിലാകും ഈ പരമ്പര വിജയം ഓർമിക്കപ്പെടുക. 5 മത്സരങ്ങളിൽ 712 റൺസുമായി പ്ലെയർ ഓഫ് ദ് സീരിസായ ജയ്സ്വാൾ ആരാധക മനസ്സിലും ടീമിന്റെ ഓപ്പണിങ് റോളിലും സ്ഥാനമുറപ്പിച്ചു. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലെ ജയ്സ്വാളിന്റെ ഇരട്ട സെഞ്ചറിയാണ് (209) പരമ്പരയിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവിനു വഴിവെട്ടിയത്. ഇന്ത്യ 396 റൺസ് നേടിയ ആ ഇന്നിങ്സിലെ രണ്ടാമത്തെ മികച്ച സ്കോർ ഗില്ലിന്റെ 34 റൺസായിരുന്നു. മൂന്നാം ടെസ്റ്റിലും ഇരട്ട സെഞ്ചറി നേട്ടം ആവർത്തിച്ചു. പരമ്പരയിലെ ടോപ് സ്കോറർ (712), ഉയർന്ന സ്കോർ (214*), മികച്ച ബാറ്റിങ് ശരാശരി (89), കൂടുതൽ സെഞ്ചറി (2), കൂടുതൽ സിക്സ് (26), കൂടുതൽ ഫോർ (68) എന്നീ മികവുകളെല്ലാം ജയ്സ്വാളിന്റെ പേരിലാണ്.
കുൽദീപിന്റെ വരവ്
ഹൈദരാബാദിലെ ആദ്യ ടെസ്റ്റിൽ 3 സ്പിന്നർമാരുമായി ഇന്ത്യ കളത്തിലിറങ്ങിയപ്പോൾ കുൽദീപ് യാദവിന് പകരം അവസരം ലഭിച്ചത് അക്ഷർ പട്ടേലിന്. ബാറ്റിങ്ങിലെ മികവാണ് അക്ഷറിനു കരുത്തായത്. എന്നാൽ 2 ഇന്നിങ്സുകളിലായി 3 വിക്കറ്റ് മാത്രം നേടാനായ അക്ഷർ നിരാശപ്പെടുത്തി. രണ്ടാം മത്സരത്തിൽ ജഡേജയ്ക്കു പകരം കുൽദീപ് എത്തിയതോടെ ഇന്ത്യൻ സ്പിൻ ആക്രമണത്തിന്റെ മൂർച്ച കൂടി. മൂന്നാം മത്സരത്തിൽ ജഡേജ തിരിച്ചെത്തിയപ്പോഴും അക്ഷറിനെ പുറത്തിരുത്തി കുൽദീപിനെ പ്ലേയിങ് ഇലവനിൽ നിലനിർത്തിയ തീരുമാനം നിർണായകമായി.
അവസാന 4 മത്സരങ്ങളിലും ഇന്ത്യയുടെ സ്ട്രൈക്ക് ബോളറായി മാറിയ കുൽദീപ് 20.2 ശരാശരിയിൽ 19 വിക്കറ്റാണ് വീഴ്ത്തിയത്. ധരംശാല ടെസ്റ്റിൽ പ്ലെയർ ഓഫ് ദ് മാച്ചുമായി. ബാറ്റിങ്ങിലും കുൽദീപ് ടീമിനു കരുത്തായി. ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പരമ്പരയിലെ 10 ഇന്നിങ്സുകളിലായി നേരിട്ടത് 367 പന്തുകളെങ്കിൽ വെറും 6 ഇന്നിങ്സുകളിൽ നിന്ന് കുൽദീപ് 362 പന്തുകൾ ബാറ്റു ചെയ്തു
യുവത്വം തിളക്കം
വിരാട് കോലി അവധിയിൽ തുടരുകയും കെ.എൽ.രാഹുൽ ആദ്യ ടെസ്റ്റിൽ പരുക്കേറ്റു പുറത്താകുകയും ചെയ്തോടെ ഈ പരമ്പരയിൽ ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക ടീമിന്റെ പരിചയ സമ്പത്തായിരുന്നു. 15 ടെസ്റ്റ് മത്സരങ്ങളെങ്കിലും കളിച്ചിട്ടുള്ള 3 ബാറ്റർമാർ മാത്രമാണ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. 4 മധ്യനിര ബാറ്റർമാരും ഒരു പേസ് ബോളറും പരമ്പരയ്ക്കിടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. നിർണായക ഘട്ടങ്ങളിൽ അവസരത്തിനൊത്തുയരാൻ ഈ യുവതാരങ്ങൾക്കായി. രാജ്കോട്ടിലെ അരങ്ങേറ്റ ടെസ്റ്റിൽ 2 ഇന്നിങ്സുകളിലും അർധ സെഞ്ചറി നേടിയാണ് സർഫറാസ് ഖാൻ തിളങ്ങിയത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയ ധ്രുവ് ജുറേലാണ് (90) റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ തകർച്ചയിൽനിന്നു കരയറ്റിയത്. നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ മാത്രം പന്തെറിയാനായ ആകാശ് ദീപ് ഇംഗ്ലണ്ടിന്റെ 3 ടോപ് ഓർഡർ ബാറ്റർമാരെയും മടക്കി അരങ്ങേറ്റം ഗംഭീരമാക്കി.