ഷെയ്ൻ വാട്സനെ പരിശീലകനാക്കാൻ പാക്കിസ്ഥാൻ ശ്രമം, താൽപര്യം അറിയിക്കാതെ ഓസീസ് മുൻ താരം
Mail This Article
ഇസ്‍ലാമബാദ്∙ ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഷെയ്ൻ വാട്സനെ ദേശീയ ടീമിന്റെ പ്രധാന പരിശീലകനാക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നീക്കം. നിലവിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് പ്രധാന പരിശീലകനില്ല. ഏപ്രിലിൽ ന്യൂസീലൻഡിനെതിരായി നടക്കേണ്ട പരമ്പരയ്ക്കു മുൻപ് ഷെയ്ൻ വാട്സനെ പരിശീലകനായി നിയമിക്കാനാണു പാക്കിസ്ഥാന്റെ ശ്രമം. പിസിബിയുടെ ഓഫറിനോട് ഷെയ്ൻ വാട്സൻ ഇതുവരെ താൽപര്യം അറിയിച്ചിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരം.
പാക്കിസ്ഥാന്‍ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ പരിശീലകനാണ് ഷെയ്ൻ വാട്സൻ. വാട്സനെ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ വെസ്റ്റിൻഡീസ് മുന്‍ ക്യാപ്റ്റൻ ഡാരൻ സമിയെ പാക്ക് ക്യാംപിലെത്തിക്കാനും പിസിബി ആലോചിക്കുന്നുണ്ട്. ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം സിഡ്നിയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് വാട്സൻ. അതിനിടെയാണ് പരിശീലകന്റെ റോളിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ താരമെത്തിയത്.
യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിൽ സാൻഫ്രാൻസിസ്കോ യൂണികോൺസിന്റെ പരിശീലകനായും ഷെയ്ൻ വാട്സൻ പ്രവർത്തിച്ചിട്ടുണ്ട്. ക്രിക്കറ്റ് കമന്ററിയിലും സജീവമാണ്. 42 വയസ്സുകാരനായ ഷെയ്ൻ വാട്സൻ 2016ലാണ് ഓസ്ട്രേലിയയ്ക്കായി ഒടുവിൽ കളിച്ചത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് ടീമുകളിൽ കളിച്ചിട്ടുണ്ട്.