‘ഒത്തുകളിക്കാരനെന്ന്’ വിളിച്ചു; ആരാധകനോടു ചൂടായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം
Mail This Article
ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ മുഹമ്മദ് ആമിറിനെ അധിക്ഷേപിച്ച് ക്രിക്കറ്റ് ആരാധകർ. പിഎസ്എല്ലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ താരമാണ് മുഹമ്മദ് ആമിർ. മത്സരത്തിനിടെ ആമിറിനെ ആരാധകർ ഒത്തുകളിക്കാരനെന്നു വിളിക്കുകയായിരുന്നു. ആദ്യം ഇതൊന്നും ശ്രദ്ധിക്കാതെ പോയ താരം പിന്നീട് തിരിച്ചെത്തി രൂക്ഷഭാഷയിൽ പ്രതികരിച്ചു. ‘‘നീ ഇതൊക്കെ വീട്ടില്‍നിന്നാണോ പഠിക്കുന്നത്?’’–എന്നായിരുന്നു ആമിറിന്റെ മറുപടി.
പാക്കിസ്ഥാൻ സൂപ്പർ ലീഗ് സീസണിൽ ഇതുവരെ ഏഴു കളികൾ കളിച്ച ആമിർ ആറു വിക്കറ്റുകൾ സ്വന്തമാക്കി. അടുത്തിടെ മുൾട്ടാൻ ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ ആരോപണവുമായി ആമിർ രംഗത്തെത്തിയിരുന്നു. മത്സരത്തിനിടെ ആമിറിന്റെ കുടുംബത്തെ സ്റ്റേഡിയത്തിൽവച്ച് അപമാനിച്ചെന്നായിരുന്നു പരാതി. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലാണ് ആമിർ താമസിക്കുന്നത്.
ഒത്തുകളി ആരോപണമുയർന്നതിനു പിന്നാലെ 2010ലാണ് മുഹമ്മദ് ആമിർ അറസ്റ്റിലാകുന്നത്. ബോധപൂർവം നോബോളുകൾ എറിഞ്ഞെന്നു കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് അഞ്ചു വർഷം വിലക്കും ലഭിച്ചു. മൂന്നു മാസത്തോളം താരം ജയിലിൽ കിടന്നു. 2015ൽ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ താരം പാക്കിസ്ഥാനു വേണ്ടി വീണ്ടും കളിക്കുകയും ചെയ്തു.
2019ലാണ് ആമിർ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കുന്നത്. 2020 ൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽനിന്നും താരം വിരമിച്ചു. 31 വയസ്സുകാരനായ താരത്തിന് ബ്രിട്ടിഷ് പൗരത്വം ലഭിക്കാൻ യോഗ്യതയുണ്ടെങ്കിലും മറ്റൊരു ദേശീയ ടീമിനു വേണ്ടിയും ഇനി കളിക്കില്ലെന്നു താരം വ്യക്തമാക്കിയിരുന്നു. ആമിറിന്റെ ഭാര്യയ്ക്ക് ബ്രിട്ടിഷ് പൗരത്വമുണ്ട്. ഒത്തുകളി ആരോപണത്തിന്റെ പേരിൽ ആമിറിന് നേരത്തേയും പാക്കിസ്ഥാനിൽവച്ച് അധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ട്.