ADVERTISEMENT

മുംബൈ ∙ ജയം വൈകിപ്പിക്കാം; പക്ഷേ തോൽപിക്കാനാവില്ല! രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിനം തന്നെ മുംബൈ വിദർഭയ്ക്കു നൽകിയ സൂചന ഇതായിരുന്നു. വിദർഭ അതു പാലിച്ചു. മുംബൈയുടെ 42–ാം കിരീടനേട്ടം തടയാനായില്ലെങ്കിലും ഫലം അഞ്ചാം ദിനം രണ്ടാം സെഷൻ വരെ നീട്ടാൻ അവർക്കായി. ഒടുവിൽ 169 റൺസ് പിന്നിൽ വിദർഭയുടെ പോരാട്ടം അവസാനിച്ചു.

Read Also: പങ്കാളിയെ ക്ലബ്ബിന്റെ ഗ്രൗണ്ടിലെത്തിച്ച് പ്രൊപോസ് ചെയ്ത് ഗേ ഫുട്ബോളർ ജോഷ് കവല്ലോ

സ്കോർ: മുംബൈ–224, 418. വിദർഭ–105, 368. രണ്ടാം ഇന്നിങ്സിൽ മുംബൈയ്ക്കായി സെഞ്ചറി നേടിയ കൗമാരതാരം മുഷീർ ഖാനാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഇന്ത്യൻ താരം സർഫ്രാസ് ഖാന്റെ സഹോദരനാണ് മുഷീർ. മുംബൈ ഓൾറൗണ്ടർ തനുഷ് കോട്ടിയനാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്. 10 മത്സരങ്ങളിലായി 502 റൺസും 29 വിക്കറ്റുകളുമാണ് കോട്ടിയൻ നേടിയത്. 

അഞ്ചാം ദിനം 5ന് 248 എന്ന നിലയിൽ ബാറ്റിങ് തുടർന്ന വിദർഭയ്ക്കായി ക്യാപ്റ്റൻ അക്ഷയ് വദ്കറും (102) ഹർഷ് ദുബെയും (65) ആദ്യ സെഷൻ പൂർണമായും ചെറുത്തുനിന്നു. എന്നാൽ 538 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം വിദർഭയ്ക്ക് എത്തിപ്പിടിക്കാനാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ രണ്ടാം സെഷന്റെ തുടക്കത്തിൽ തന്നെ വദ്കറെ കോട്ടിയൻ വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ വിദർഭയുടെ ചെറുത്തുനിൽപ് അവസാനിച്ചു. പിന്നീടുള്ള 4 വിക്കറ്റുകൾ 15 റൺസിനിടെ വീഴ്ത്തി മുംബൈ വിജയം സ്വന്തമാക്കി.

മുംബൈ ടീമിന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി ചാംപ്യൻമാർക്ക് ബിസിസിഐ നൽകുന്ന അഞ്ച് കോടി ‌പ്രൈസ് മണിക്കു പുറമേയാണിത്. ഇതോടെ മുംബൈ ടീമിന് ആകെ 10 കോടി രൂപ പാരിതോഷികം ലഭിക്കും.

English Summary:

10 crore winning bonus for Mumbai cricket team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com