കോൺവെയ്ക്കു പിന്നാലെ പതിരണയ്ക്കും പരുക്ക്; ഐപിഎൽ തുടങ്ങാനിരിക്കെ ചെന്നൈ ക്യാംപിൽ ആശങ്ക
Mail This Article
ചെന്നൈ ∙ മാർച്ച് 22ന് റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തോടെയാണ് ഇത്തവണത്തെ ഐപിഎൽ സീസൺ ആരംഭിക്കുന്നത്. നിലവിലെ കിരീട ജേതാക്കളായ ചെന്നൈ, ജയത്തോടെ തുടങ്ങുകയെന്ന ലക്ഷ്യവുമായാണ് ആദ്യ മത്സരത്തിന് തയാറെടുക്കുന്നത്. എന്നാല്‍ പ്രധാന താരങ്ങൾക്ക് പരുക്കേൽക്കുന്നത് സൂപ്പർ കിങ്സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.
Read Also: ‘രോഹിത് ശർമ ലഗാന്‍ സിനിമയിലെ ആമിർ ഖാനെപ്പോലെ’; ക്യാപ്റ്റനെ പുകഴ്ത്തി സർഫറാസ് ഖാൻ
ന്യൂസീലൻഡ് താരം ഡെവോണ്‍ കോൺവെയ്ക്കു പിന്നാലെ ലങ്കൻ പേസർ മതീഷ പതിരണയ്ക്കും പരുക്കേറ്റെന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്ത. മാർച്ച് 6ന് ബ്ലംഗ്ലദേശിനെതിരെ നടന്ന ട്വന്റി20 മത്സരത്തിനിടെയാണ് താരത്തിന്റെ ഹാംസ്ട്രിങ്ങിന് പരുക്കേറ്റത്. പേശീവലിവിനെ തുടർന്ന് സ്പെൽ പൂർത്തിയാക്കാനാകാതെ പതിരണ കളം വിടുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ചൈന്നൈയ്ക്കായി 12 മത്സരങ്ങളിൽനിന്ന് 19 വിക്കറ്റു നേടിയ താരത്തിന്റെ പ്രകടനം കിരീട നേട്ടത്തിലേക്കുള്ള ടീമിന്റെ കുതിപ്പിൽ നിർണായകമായിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെയാണ് കോൺവെയ്ക്ക് പരുക്കേറ്റത്. പെരുവിരലിന് പരുക്കേറ്റ താരം സർജറിക്ക് വിധേയനാവുകയും ചെയ്തു. പരുക്ക് ഭേദമാവുന്ന മുറയ്ക്ക് ടീമിനൊപ്പം ചേരുമെങ്കിലും ആദ്യപാദ മത്സരങ്ങൾ നഷ്ടപ്പെടുമെന്നാണ് വിവരം. ഇതോടെ ചെന്നൈക്ക് ബാറ്റിങ് നിരയിലും അഴിച്ചുപണികൾ നടത്തേണ്ടിവരും. ഇത്തവണത്തേത് ക്യാപ്റ്റൻ എം.എസ്.ധോണിയുടെ അവസാന സീസണായിരിക്കാൻ സാധ്യതയേറെയാണ്. കിരീട നേട്ടത്തോടെ ‘തല’യെ പറഞ്ഞയക്കാൻ ടീമിനു കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.