ADVERTISEMENT

ന്യൂഡൽഹി ∙ അവസാന ഓവർ വരെ ആശ കൈവിടാതെ പൊരുതിയ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് എലിമിനേറ്ററിൽ ആവേശ ജയം. നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ 5 റൺസിന് തോൽപിച്ച് ബാംഗ്ലൂർ ഡബ്ല്യുപിഎലിന്റെ ഫൈനലിലേക്കു മുന്നേറിയപ്പോൾ വിജയശിൽപിയായത് മലയാളി താരം ആശ ശോഭന. 136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റ് ശേഷിക്കെ 12 റൺസായിരുന്നു അവസാന ഓവറിലെ ലക്ഷ്യം. ഉജ്വലമായ ബോളിങ്ങിലൂടെ മുംബൈ ബാറ്റർമാരെ വട്ടംകറക്കിയ ലെഗ് സ്പിന്നർ ആശ വിട്ടുകൊടുത്തത് 6 റൺസ് മാത്രം. പൂജ വസ്ട്രാക്കറുടെ വിക്കറ്റും ആശ നേടി. സ്കോർ: ബാംഗ്ലൂർ 20 ഓവറിൽ 6ന് 135. മുംബൈ 20 ഓവറിൽ 6ന് 130. നാളെ നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസാണ് ബാംഗ്ലൂരിന്റെ എതിരാളികൾ.

136 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിനായിരുന്നു കളിയിൽ ഭൂരിഭാഗം സമയവും മുൻതൂക്കം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും അമേലിയ കെറും ക്രീസിൽ നിലയുറപ്പിച്ചുനിൽക്കെ അവസാന 3 ഓവറിൽ 20 റൺസ് മാത്രമായിരുന്നു അവരുടെ വിജയലക്ഷ്യം. എന്നാൽ ശ്രേയങ്ക പാട്ടീൽ എറിഞ്ഞ 18–ാം ഓവറിലെ അവസാന പന്തിൽ ഹർമൻ (33) പുറത്തായതോടെ കളി തിരിഞ്ഞു. പിന്നീടെത്തിയ സജന സജീവനും (1) പൂജ വസ്ട്രാക്കറും (4) നിരാശപ്പെടുത്തിയപ്പോൾ അമേലിയ കെറിന്റെ (27*) പോരാട്ടം വിഫലമായി. 

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനെ കണിശതയോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ 135 റൺസിൽ പിടിച്ചുകെട്ടുകയായിരുന്നു. 4 ഓവറിൽ 18 റൺസ് വഴങ്ങി 2 വിക്കറ്റ് വീതം എടുത്ത ഹെയ്‌ലി മാത്യൂസും നാറ്റ് സിവർ ബ്രെന്റും മുംബൈ ബോളിങ്ങിൽ തിളങ്ങി. ആദ്യ 4 ഓവറിനിടെ മൂന്നിന് 23 എന്ന നിലയിൽ തകർന്ന ബാംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത് ഓസ്ട്രേലിയൻ ഓൾറൗണ്ടർ എലിസ് പെറിയുടെ ഒറ്റയാൾ പോരാട്ടമാണ് (50 പന്തിൽ 66).

English Summary:

Mumbai Indians vs Royal Challengers Women's Premier League cricket match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com