ഐപിഎൽ രണ്ടാംപാദ മത്സരങ്ങൾ യുഎഇയിൽ? പാസ്പോര്‍ട്ട് ഹാജരാക്കാൻ താരങ്ങൾക്ക് നിർദേശം
Mail This Article
മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ ഐപിഎൽ രണ്ടാംപാദ മത്സരങ്ങൾക്ക് യുഎഇ വേദിയായേക്കുമെന്ന് റിപ്പോർട്ട്. ചില ഐപിഎൽ ടീമുകൾ വീസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്പോര്‍ട്ട് ഹാജരാക്കാൻ നിർദേശം നൽകിയതായാണ് വിവരം. ദുബായിലുള്ള ബിസിസിഐ സംഘം ഇക്കാര്യത്തിൽ സജീവ ചർച്ച നടത്തുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്തു. ശനിയാഴ്ച തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കാനിരിക്കെയാണ് വാർത്ത പുറത്തുവന്നത്.
Read Also: ഐപിഎലിന് ഇനി 7 നാൾ; ഉദിച്ചുയരാൻ ഹൈദരാബാദ്, കപ്പടിക്കാൻ ലക്നൗ
മാർച്ച് 22നാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. നിലവിൽ ആദ്യഘട്ടത്തിൽ ഏപ്രിൽ 7 വരെ നടത്തുന്ന 21 കളികളുടെ മത്സര ക്രമമാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനെ നേരിടും. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.
2009ൽ പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020ലെ ഐപിഎൽ ടൂർണമെന്റിന് യുഎഇ വേദിയായി. ദുബായ്, അബുദാബി, ഷാർജ എന്നിവയായിരുന്നു മത്സരങ്ങളുടെ വേദി. കഴിഞ്ഞ സീസണിലുണ്ടായിരുന്ന പത്തു ടീമുകൾ തന്നെയാണ് ഇത്തവണയും ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.