ADVERTISEMENT

ടീം ഗെയിമിന്റെ കരുത്തിൽ തങ്ങളുടെ ആദ്യ സീസണിൽത്തന്നെ കപ്പ് ഉയർത്തി ‘ഞെട്ടിച്ച’ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. രണ്ടു സീസണിലും ടീമിനെ ഫൈനലിൽ എത്തിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അഭാവം ഇക്കുറിയുണ്ടെങ്കിലും മികച്ച ടീം കോംബിനേഷനുമായി അതിനെ മറികടക്കാൻ ഉറപ്പിച്ചാണ് ശുഭ്മൻ ഗില്ലും സംഘവും വരുന്നത്. സമീപകാല ഫോം അൽപം മോശമാണെങ്കിലും ഒത്തുപിടിച്ചാൽ കപ്പും പോരും എന്ന് മുൻപു തെളിയിച്ചിട്ടുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ചരിത്രം ആവർത്തിക്കാനുള്ള അവസരമാണ് ഈ സീസൺ.

ഗെയിം ഓഫ് ഗുജറാത്ത് 

അരങ്ങേറിയ ആദ്യ സീസണിൽ തന്നെ കപ്പ്. രണ്ടാം സീസണിൽ റണ്ണേഴ്സ് അപ്. ചുരുങ്ങിയ കാലം കൊണ്ട് ഐപിഎലിലെ കരുത്തരെന്നു തെളിയിച്ചവരാണ് ഗുജറാത്ത് ടൈറ്റൻസ്. ഇക്കുറി അങ്കത്തിന് ഇറങ്ങുമ്പോൾ കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ച ഹാർദിക് പാണ്ഡ്യ ഒപ്പമില്ലെങ്കിലും ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടൈറ്റൻസ് ടൂർണമെന്റിൽ കിരീടപ്രതീക്ഷയുള്ള ടീമാണ്.

first look
ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ബാറ്റിങ്ങിൽ ടീമിന്റെ നെടുന്തൂൺ. കഴിഞ്ഞ സീസണിൽ ഓറഞ്ച് ക്യാപ് നേടിയ ഗിൽ ഫോം ഈ സീസണിലും ഫോം തുടർന്നാൽ ഗുജറാത്തിന് കാര്യങ്ങൾ എളുപ്പമാകും. മധ്യനിരയിൽ ഷാറൂഖ് ഖാനും ഡേവിഡ് മില്ലറും രാഹുൽ തെവാട്ടിയയും റാഷിദ് ഖാനും ചേരുമ്പോൾ റൺമല പ്രതീക്ഷിക്കാം. റാഷിദും നൂർ അഹമ്മദും ചേരുന്ന സ്പിൻനിരയും ശക്തം. പരുക്കേറ്റ പേസർ മുഹമ്മദ് ഷമിയുടെ അഭാവത്തിൽ, 10 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയൻ ഫാസ്‍റ്റ് ബോളർ സ്പെൻസർ ജോൺസനിലാണ് ടീമിന്റെ പ്രതീക്ഷ. ‍ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനം കൊണ്ട് ബിഗ‍് ബാഷ് ലീഗിൽ തിളങ്ങിയ സ്പെൻസറിന് ഐപിഎലിലും അത് ആവർത്തിക്കാൻ കഴിഞ്ഞാൽ ഗുജറാത്തിന് കാര്യങ്ങൾ എളുപ്പം. മിനി ലേലത്തിലൂടെ സ്വന്തമാക്കിയ ജാർഖണ്ഡ് താരം റോബർട്ട് മിൻസാകും ഗുജറാത്തിന്റെ സർപ്രൈസ് താരം.

fear factor
പരുക്കാണ് ഗുജറാത്തിന്റെ വില്ലൻ. മുഹമ്മദ് ഷമിയെ നഷ്ടമായതോടെ പേസ് ബോളിങ് നിര ദുർബലമായി. ഹാർദിക് പാണ്ഡ്യയുടെ കുറവ് നികത്തുക മറ്റൊരു വെല്ലുവിളി. ബാറ്റർ എന്ന നിലയിൽ തിളങ്ങുമ്പോഴും ക്യപ്റ്റൻസിയിൽ ഗിൽ പുതുമുഖമാണെന്നതും ടീമിനെ ആശങ്കയിലാക്കുന്നു.

super XII
ശുഭ്മൻ ഗിൽ, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൺ, സായ് സുദർശൻ, ഷാറുഖ് ഖാൻ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, സ്പെൻസർ ജോൺസൻ, മോഹിത് ശർമ, ഉമേഷ് യാദവ്, കാർത്തിക് ത്യാഗി.

കമോൺ കൊൽക്കത്ത

കാര്യമായ അഴിച്ചുപണി നടത്തിയാണ് ശ്രേയസ് അയ്യർ നായകനാകുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരവ്. രണ്ടു തവണ കിരീടം നേടിയിട്ടുണ്ടെങ്കിലും 2014നു ശേഷം അത് ആവർത്തിക്കാൻ ടീമിനായിട്ടില്ല. കഴിഞ്ഞ സീസണിൽ പ്ലേഓഫ് കടക്കാൻ സാധിക്കാത്തതിന്റെ കുറവ് ഇത്തവണ തീർക്കാനാകും നൈറ്റ് റൈഡേഴ്സിന്റെ ശ്രമം. ഗ്രൗണ്ടിനു പുറത്ത് പിന്തുണയുമായി മെന്റർ ഗൗതം ഗംഭീർ തിരിച്ചെത്തിയത് ടീമിന് നൽകുന്ന ഊർജം ചെറുതല്ല.

first look
ശ്രേയസ് അയ്യർ, റിങ്കു സിങ്, ആന്ദ്രെ റസൽ– ബാറ്റിങ് വെടിക്കെട്ട് തീർക്കാൻ പാകമായ ലൈനപ്പ്. ഐപിഎലിലെ എക്കാലത്തെയും ഉയർന്ന തുക മുടക്കി ടീമിലെത്തിച്ച ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാകും ടീമിന്റെ തുറുപ്പുചീട്ട്. സുനിൽ നരെയ്നും വരുൺ ചക്രവർത്തിക്കും ഒപ്പം യുവതാരം സുയാഷ് ശർമയും അഫ്ഗാൻതാരം മുജീബുർ റഹ്മാൻ കൂടി എത്തുന്നതോടെ സ്പിൻ നിര ഭദ്രം. സ്പിന്നർമാരെ സഹായിക്കുന്ന ഈ‍ഡൻ ഗാർഡൻസിലെ പിച്ചിൽ ഇവരെ നേരിടുകയാകും എതിരാളികളുടെ വെല്ലുവിളി.

fear factor
പല പേസർമാരെയും റിലീസ് ചെയ്താണ് വൻ തുക മുടക്കി സ്റ്റാർക്കിനെ ടീമിലെത്തിച്ചത്. ഇതോടെ പേസ് ബോളിങ്ങിന്റെ എല്ലാ ചുമതലയും സ്റ്റാർക്കിന്റെ ചുമലിലായി. 2015ൽ അവസാന ഐപിഎൽ മത്സരം കളിച്ച സ്റ്റാർക്കിന് പ്രതീക്ഷിച്ച പോലെ ഉയരാൻ സാധിച്ചില്ലെങ്കിൽ തിരിച്ചടിയാകും. പരിചയ സമ്പന്നരായ ഇന്ത്യൻ പേസ് ബോളർമാരുടെ കുറവ് ടീമിൽ നിഴലിക്കുന്നു. ക്യാപ്റ്റനായി തിരിച്ചെത്തിയ ശ്രേയസിന്റെ പരുക്ക് ക്യാംപിനെ അലട്ടുന്നു. ബാറ്റിങ് നിരയുടെ സന്തുലിതയെ ഇതു ബാധിച്ചേക്കാം.

super XII
ശ്രേയസ്‍ അയ്യർ, വെങ്കടേഷ് അയ്യർ, നിതീഷ് റാണ, റിങ്കു സിങ്, റഹ്മാനുല്ല ഗുർബാസ്, മനീഷ് പാണ്ഡെ, സുയാഷ് ശർമ, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, മിച്ചൽ സ്റ്റാർക്, വരുൺ ചക്രവർത്തി, ചേതൻ സാഖരിയ

English Summary:

Gujarat Titans & Knight Riders; IPL team analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com