‘നിങ്ങളുടെ അമ്മയെയും പെങ്ങളെയും പോലെ ഞാനും ഒരു സ്ത്രീയാണ്, വിദ്വേഷം വേണ്ട’: പ്രതികരിച്ച് ധനശ്രീ
Mail This Article
മുംബൈ ∙ സുഹൃത്തിനൊപ്പമുള്ള ചിത്രത്തിനു കീഴെ ‘ഉപദേശവും’ അധിക്ഷേപ കമന്റുകളുമായി വന്നവർക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലിന്റെ ഭാര്യ ധനശ്രീ വർമ. സൈബർ ആക്രമണം തന്റെ കുടുംബത്തെ ബാധിച്ചെന്നും ഏറെ മാനസിക പ്രയാസമുണ്ടാക്കിയെന്നും ധനശ്രീ ഇൻസ്റ്റഗ്രാം വിഡിയോയിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ മറുഭാഗത്ത് ഉള്ളയാളെ കൂടി പരിഗണിക്കണം. വിദ്വേഷം പ്രചരിപ്പിക്കരുതെന്നും കമന്റുകളിടുമ്പോൾ അൽപം ചിന്തിക്കണമെന്നും ധനശ്രീ പറഞ്ഞു.
Read Also: ‘ഈ സീസണിൽ ചെന്നൈ ക്യാപ്റ്റനെ മാറ്റിയേക്കാം; ധോണി ഇംപാക്ട് പ്ലെയറാകാനും സാധ്യത’
‘‘ഇൻസ്റ്റഗ്രാമിൽ വീണ്ടും സജീവമാകുന്നതിനു മുൻപ് എനിക്ക് നിങ്ങളോട് ചില കാര്യങ്ങൾ പറയാനുണ്ട്. അഭിപ്രായങ്ങളും വിധികൽപ്പനകളും പറയും മുൻപ് മനുഷ്യനായി ചിന്തിക്കാനുള്ള ക്ഷമ കാണിക്കണം. സാധാരണ ഗതിയിൽ പോസ്റ്റിനു താഴെ വരുന്ന നെഗറ്റിവ് കമന്റുകളോ മീമുകളോ ഞാന്‍ വ്യക്തിപരമായി എടുക്കാറില്ല. അവയെ തള്ളിക്കളയാറാണ് പതിവ്. എന്നാൽ ഏറ്റവും ഒടുവിൽ വന്ന സൈബർ ആക്രമണം എനിക്ക് ഏറെ മാനസിക പ്രയാസമുണ്ടാക്കി. കാരണം അത് എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും ഏറ്റവും പ്രിയപ്പെട്ടവരെ പോലും ബാധിച്ചു.
നിങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്ന രീതിയിൽ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം സമൂഹമാധ്യമങ്ങളിൽ ഉണ്ട്. എന്നാൽ മറുഭാഗത്ത് ഉള്ളയാളെയോ അവരുടെ കുടുംബത്തെയോ കുറിച്ച് നിങ്ങൾ ഒന്നും ഓർക്കുന്നില്ല. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ വലിയ തോതിൽ വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍നിന്ന് ഒരു ഇടവേള എടുക്കാൻ എന്നെ പ്രേരിപ്പിച്ചു. കുറച്ചു നാളത്തേക്കെങ്കിലും വളരെ സമാധാനമായിരുന്നു. എന്നാൽ സോഷ്യൽ മീഡിയ എന്റെ തൊഴിലിന്റെ ഭാഗമായതിനാൽ ഇൻസ്റ്റഗ്രാമിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചു. ഇനിയെങ്കിലും കമന്റുകളിടുമ്പോൾ അൽപം ചിന്തിച്ചിട്ടാകാം എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്. നിങ്ങളുടെ അമ്മ, പെങ്ങൾ, സുഹൃത്ത്, ഭാര്യ എന്നിവരെപ്പോലെ ഞാനും ഒരു സ്ത്രീയാണ്. എന്തിനാണ് വിദ്വേഷം പ്രചരിപ്പിക്കുന്നത്? സ്നേഹം മാത്രം പ്രചരിപ്പിക്കൂ’’ –ധനശ്രീ പറഞ്ഞു.
സുഹൃത്തും കോറിയോഗ്രഫറുമായ പ്രതീക് ഉടേക്കറാണ് ധനശ്രീക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. പിന്നാലെ ധനശ്രീക്കെതിരായ വിമർശനവും കടുത്തു. ആൺസുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നും ഇതു കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും ചിലര്‍ ‘ഉപദേശിച്ചു’. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ധനശ്രീ, ഡോക്ടറും ഡാൻസറും കൂടിയാണ്. ധനശ്രീയുടെ അക്കാദമിയിൽ നൃത്തം പഠിക്കാൻ എത്തിയപ്പോഴാണ് ചെഹലും ധനശ്രീയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. 2020ലായിരുന്നു ഇവരുടെ വിവാഹം.