പഞ്ചാബിന് എല്ലാമുണ്ട്, പക്ഷേ കപ്പു മാത്രം ഇല്ല; ധോണിയെ യാത്രയാക്കാൻ ചെന്നൈയ്ക്കു വേണം ആറാം കിരീടം
Mail This Article
കപ്പുനേടി പലവട്ടം 'കലിപ്പു തീർത്തവരാണ്' ചെന്നൈ സൂപ്പർ കിങ്സ് എങ്കിൽ മോഹക്കപ്പിൽ ഒരുതവണയെങ്കിലും മുത്തമിടാനാകുമെന്ന പ്രതീക്ഷയാണ് പഞ്ചാബ് കിങ്സിനെ ഓരോ സീസണിലും മുന്നോട്ടുനയിക്കുന്നത്. 6-ാം കിരീടം നേടി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി സ്വന്തമാക്കാൻ ഉറപ്പിച്ചാണ് ചെന്നൈ ഇത്തവണ എത്തുന്നത്. കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കണമെന്നുറപ്പിച്ചാണ് പഞ്ചാബിന്റെ വരവ്.
പവറാണ് പഞ്ചാബ്
കപ്പിന്റെ കാര്യത്തിൽ കുചേലനാണെങ്കിലും കളിക്കാരെ കാശെറിഞ്ഞു വാങ്ങുന്ന കാര്യത്തിൽ കുബേരനാണ് പഞ്ചാബ് കിങ്സ്. പേരുമാറ്റിയും ക്യാപ്റ്റൻമാരെ മാറ്റിയും ടീമിനെ ഒന്നാകെ മാറ്റിയും പലവിധ പരീക്ഷണങ്ങൾ നടത്തിയിട്ടും ഒരു ഐപിഎൽ ട്രോഫി സ്വന്തമാക്കാൻ ടീം ഉടമ പ്രീതി സിന്റയ്ക്കു സാധിച്ചിട്ടില്ല. ഇടക്കാലത്ത് സ്ഥിരമായി പ്ലേ ഓഫ് കളിച്ചതും ഒരിക്കൽ ഫൈനൽ വരെ എത്തിയതും ഒഴിച്ചാൽ ഓർത്തുവയ്ക്കാൻ കാര്യമായതൊന്നും പഞ്ചാബ് കിങ്സിനില്ല.
FIRST LOOK
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റർമാരിൽ ഒരാളായ മുപ്പത്തിയെട്ടുകാരൻ ശിഖർ ധവാനാണ് ടീം ക്യാപ്റ്റൻ. ജോണി ബെയർസ്റ്റോ, റെയ്‌ലി റൂസോ, ജിതേഷ് ശർമ എന്നിവരടങ്ങിയ ടോപ് ഓർഡർ ബാറ്റിങ് നിരയാണ് ടീമിന്റെ ശക്തി. പിന്നാലെയെത്തുന്ന ലിയാം ലിവിങ്സ്റ്റൻ, സാം കറൻ, സിക്കന്ദർ റാസ, ക്രിസ് വോക്സ് എന്നീ ഓൾറൗണ്ടർമാർകൂടി ചേരുന്നതോടെ ബാറ്റിങ് സുസജ്ജം. കഗീസോ റബാദ – അർഷ്ദീപ് സിങ് പേസ് ജോടിക്കാണ് ബോളിങ്ങിന്റെ ചുമതല.
FEAR FACTOR
വിദേശ താരങ്ങളുടെ ധാരാളിത്തം ടീമിനു മുതൽക്കൂട്ടാണെങ്കിലും ആദ്യ ഇലവനിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നതാണ് പഞ്ചാബിനെ അലട്ടുന്ന പ്രധാന ആശങ്ക. ഋഷി ധവാനെ മാറ്റിനിർത്തിയാൽ മറ്റൊരു ഇന്ത്യൻ ഓൾറൗണ്ടർ പഞ്ചാബിനില്ല. രാഹുൽ ചാഹർ നയിക്കുന്ന സ്പിൻ വിഭാഗവും ദുർബലം.
SUPER XII
ശിഖർ ധവാൻ, പ്രഭ്സിമ്രൻ സിങ്, ജോണി ബെയർസ്റ്റോ, അഥർവ ടൈഡെ, ലിയാം ലിവിങ്സറ്റൻ, ജിതേഷ് ശർമ, സിക്കന്ദർ റാസ, ഹർഷൽ പട്ടേൽ, ഹർപ്രീത് ബ്രാർ, കഗീസോ റബാദ, അർഷ്ദീപ് സിങ്, സാം കറൻ.
ചാംപ്യൻ ചെന്നൈ
എം.എസ്.ധോണിയും സംഘവും- ഐപിഎൽ തുടങ്ങിയ കാലം മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മേൽവിലാസം ഇതായിരുന്നു. 17-ാം സീസണിൽ എത്തിനിൽക്കുമ്പോഴും ചെന്നൈയിൽ മാറാത്തതായി ഒന്നു മാത്രം- ക്യാപ്റ്റൻ കൂൾ ധോണി. ഈ സീസണോടു കൂടി ധോണി ഐപിഎൽ അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുള്ള സാഹചര്യത്തിൽ, ആറാം കിരീടവുമായി ‘തല’യെ യാത്രയാക്കാനാകും നിലവിലെ ചാംപ്യൻമാരുടെ ആഗ്രഹം.
Read Also: ‘നിങ്ങളുടെ അമ്മയെയും പെങ്ങളെയും പോലെ ഞാനും ഒരു സ്ത്രീയാണ്, വിദ്വേഷം വേണ്ട’: പ്രതികരിച്ച് ധനശ്രീ
FIRST LOOK
ടീമിലെ 11പേരും ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യും. മോയിൻ അലി, രവീന്ദ്ര ജഡേജ, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, ശിവം ദുബെ, മിച്ചൽ സാന്റ്നർ തുടങ്ങി ലോകോത്തര ഓൾറൗണ്ടർമാരാൽ ടീം സമ്പന്നമാണ്. ഓപ്പണിങ്ങിൽ ഋതുരാജ് ഗെയ്ക്‌വാദ് നൽകുന്ന തുടക്കം ടീമിനു നിർണായകമാണ്. ധോണിയെ ഇംപാക്ട് പ്ലെയറായി ഇറക്കാൻ തീരുമാനിച്ചാൽ ഋതുരാജ് ടീമിന്റെ ക്യാപ്റ്റനാകും. നായകനായില്ലെങ്കിലും ധോണിയുടെ തന്ത്രങ്ങൾ ടീമിനു തുണയാകും.
FEAR FACTOR
പരുക്കേറ്റ കോൺവേയുടെ അഭാവം ടീമിനു തിരിച്ചടിയാകും. ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മുസ്തഫിസുർ റഹ്മാൻ, മതീഷ പതിരാന എന്നിവരടങ്ങിയ പേസ് ബോളിങ് നിരയിൽ ഒരു ഡെത്ത് ഓവർ സ്പെഷലിസ്റ്റിന്റെ അഭാവം പ്രകടമാണ്. ധോണി ഇംപാക്ട് പ്ലെയർ മാത്രമായി ചുരുങ്ങിയാൽ പുതിയ ക്യാപ്റ്റനു കീഴിൽ ടീം എത്രമാത്രം മികവു പുലർത്തുമെന്ന് കണ്ടറിയണം.
SUPER XII
രചിൻ രവീന്ദ്ര, ഋതുരാജ് ഗെയ്ക്‌വാദ്, ഡാരിൽ മിച്ചൽ, അജിൻക്യ രഹാനെ, മിച്ചൽ സാന്റ്നർ, ശിവം ദുബെ, എം.എസ്.ധോണി, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, ദീപക് ചാഹർ, മുസ്തഫിസുർ റഹ്മാൻ, മോയിൻ അലി