ആറു കോടി ഓഫർ ചെയ്തിട്ടും പാക്ക് പരിശീലകനാകാൻ വാട്സൻ തയാറല്ല; ഐപിഎൽ കമന്ററി മതിയെന്ന് താരം
Mail This Article
കറാച്ചി ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്കുള്ള ക്ഷണം നിരസിച്ച് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സനും മുൻ വെസ്റ്റിൻഡീസ് താരം ഡാരൻ സമിയും. പ്രതിവർഷം 20 ലക്ഷം യുഎസ് ഡോളർ (ഏകദേശം 6 കോടി ഇന്ത്യൻ രൂപ) പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വാഗ്ദാനം ചെയ്തെങ്കിലും ഐപിഎലിലെ കമന്റേറ്റർ ജോലിയും ശേഷം ഓസ്ട്രേലിയയിൽ കുടുംബത്തോടൊപ്പം കഴിയാനുള്ള ആഗ്രഹവും ചൂണ്ടിക്കാട്ടി വാട്സൻ നിരസിക്കുകയായിരുന്നു.
മുൻതാരം മുഹമ്മദ് ഹഫീസിനെ കഴിഞ്ഞ മാസമാണ് പിസിബി പരിശീലകച്ചുമതലയിൽ നിന്ന് ഒഴിവാക്കിയത്. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ടീമിന്റെ മോശം പ്രകടനങ്ങളെത്തുടർന്നായിരുന്നു തീരുമാനം. എന്നാൽ ഹഫീസിനെ പുറത്താക്കിയതിനെതിരെ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൽ ഹഖ് ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു.
Read Also: മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ; ഐപിഎൽ യുഎഇയിലേക്കു മാറ്റുമെന്ന റിപ്പോർട്ട് തള്ളി ബിസിസിഐ
ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിന് ഉൾപ്പെടെ ടീമിനെ ഒരുക്കാൻ വിദേശ പരിശീലകനെയാണ് തേടുന്നതെന്ന് പിസിബി ചെയർമാൻ മുഹ്‌സിൻ നഖ്‌വി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് വാട്സനെയും സമിയെയും പരിശീലക സ്ഥാനത്തേക്ക് പിസിബി പരിഗണിച്ചത്. ഇരുവരും താൽപര്യമില്ലെന്ന് അറിയിച്ചതോടെ പുതിയ പരിശീലകനെ കണ്ടെത്തേണ്ട അവസ്ഥയിലായി പാക്കിസ്ഥാൻ ടീം.