ADVERTISEMENT

ന്യൂഡൽഹി ∙ വിരാട് കോലിക്കു സാധ്യമാകാത്തത് സ്മൃതി മന്ഥന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു നേടിക്കൊടുത്തു– ഇന്ത്യൻ ട്വന്റി20 ലീഗ് ക്രിക്കറ്റിൽ ഒരു കിരീടം! ഡൽഹി ക്യാപിറ്റൽസിനെതിരെ 8 വിക്കറ്റ് ജയവുമായി വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ സ്മൃതിയുടെ ക്യാപ്റ്റൻസിയിലുള്ള ബാംഗ്ലൂർ ജേതാക്കൾ. സ്കോർ: ഡൽഹി– 18.3 ഓവറിൽ 113നു പുറത്ത്. ബാംഗ്ലൂർ– 19.3 ഓവറിൽ 2ന് 115. ആദ്യം ബാറ്റു ചെയ്ത് തകർത്തടിച്ചു മുന്നേറുകയായിരുന്ന ഡൽഹി ബാറ്റർമാരെ കറക്കി വീഴ്ത്തിയ സ്പിന്നർമാരാണ് ബാംഗ്ലൂരിന്റെ വിജയശിൽപികൾ. ശ്രെയങ്ക പാട്ടീൽ (4–12), സോഫി മോളിനോ (3–20), മലയാളി താരം ആശ ശോഭന (2–14) എന്നിവരാണ് ബാംഗ്ലൂരിന്റെ 9 വിക്കറ്റുകൾ പങ്കുവച്ചെടുത്തത്. ഒരു വിക്കറ്റ് റണ്ണൗട്ടിലൂടെയും വീണു. മോളിനോയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

മറുപടി ബാറ്റിങ്ങിൽ സ്മൃതി മന്ഥന (31), സോഫി ഡിവൈൻ (32) എന്നിവർ നൽകിയ മികച്ച തുടക്കം ബാംഗ്ലൂരിന്റെ ജയം അനായാസമാക്കി. എലിസ് പെറി (35), റിച്ച ഘോഷ് (17) എന്നിവർ പുറത്താകാതെ നിന്നു. മലയാളി താരം മിന്നു മണിയാണ് സ്മൃതിയെ പുറത്താക്കിയത്. വനിതാ പ്രിമിയർ ലീഗിൽ ഡൽഹിയുടെ തുടരെ രണ്ടാം ഫൈനൽ തോൽ‌വിയാണിത്. കഴിഞ്ഞ വർഷം പ്രഥമ ഡബ്ല്യുപിഎൽ ഫൈനലിൽ അവർ മുംബൈ ഇന്ത്യൻസിനോടു പരാജയപ്പെട്ടിരുന്നു. 

ഹംപിൽ ചാടി ഡൽഹി

റോഡിലൂടെ സ്മൂത്തായി പോകുന്നതിനിടെ പെട്ടെന്ന് തുടരെ ഹംപിൽ ചാടിയതു പോലെയായിരുന്നു ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഡൽഹിയുടെ ഇന്നിങ്സ്. 64 റൺസ് വരെ വിക്കറ്റ് നഷ്ടമില്ലാതെ മുന്നേറിയ അവർക്ക് പിന്നീട് ഒരു റൺ കൂടി എടുക്കും മുൻപ് നഷ്ടമായതു 3 വിക്കറ്റുകൾ! 

  ബാംഗ്ലൂരിന്റെ ഇടംകൈ സ്പിന്നർ സോഫി മോളിനോയാണ് ഡൽഹിക്കു സഡൻ ബ്രേക്കിട്ടത്. തകർത്തടിച്ചു മുന്നേറുകയായിരുന്ന ഷെഫാലി വർമയെ (27 പന്തിൽ 44, 2 ഫോർ, 3 സിക്സ്) എട്ടാം ഓവറിലെ ആദ്യ പന്തിൽ ജോർജിയ വെയർഹാമിന്റെ കയ്യിലെത്തിച്ച മോളിനോ മൂന്നാം പന്തിൽ ജമൈമയെയും നാലാം പന്തിൽ അലിസ് കാപ്സിയെയും പൂജ്യരാക്കി മടക്കി. 10 ഓവർ പൂർത്തിയാകുമ്പോൾ 3ന് 72 എന്ന നിലയിലായ ഡൽഹിക്കു പിന്നീട് റൺറേറ്റുയർത്താനായില്ല. പിടിച്ചുനിന്നു കളിച്ച ക്യാപ്റ്റൻ മെഗ് ലാനിങ്ങിനെ (23 പന്തിൽ 23) ഓഫ് സ്പിന്നർ ശ്രെയങ്ക പാട്ടീലും പുറത്താക്കിയതോടെ ഡൽഹി വീണ്ടും തകർന്നു. 

  14–ാം ഓവറിൽ മരിസെയ്ൻ കാപ്പിനെയും (8) ജെസ് ജൊനാസനെയും (3) പുറത്താക്കി ആശ ശോഭനയുടെ ഇരട്ടപ്രഹരം. ഡൽഹി 6ന് 81 എന്ന നിലയിലേക്കു കൂപ്പുകുത്തി. പിന്നാലെ വന്ന മിന്നു മണി (5) ഫോറടിച്ച് തുടങ്ങിയെങ്കിലും അവസരം മുതലാക്കാനായില്ല. രാധ യാദവിനെ (12) നേരിട്ടുള്ള ഒരു ത്രോയിൽ റൺഔട്ടാക്കി മോളിനോ വീണ്ടും മിന്നിയതോടെ ഡൽഹിക്ക് എട്ടാം വിക്കറ്റും നഷ്ടം. 19–ാം ഓവറിൽ അരുന്ധതി റെഡ്ഡി (10), ശിഖ പാണ്ഡെ (5) എന്നിവരെ പുറത്താക്കി ശ്രെയങ്ക ഡൽഹി ഇന്നിങ്സ് തീർത്തു. വെറും 49 റൺസിന്റെ ഇടവേളയിലാണ് ഡൽഹിക്ക് 10 വിക്കറ്റുകളും നഷ്ടമായത്.

English Summary:

WPL Final, RCB VS DC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com