മത്സരത്തിനിടെ പരുക്ക്, താരം ഗ്രൗണ്ട് വിട്ടത് സ്ട്രെച്ചറിൽ; ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടി
Mail This Article
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനു തിരിച്ചടിയായി ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാന്റെ പരുക്ക്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ താരത്തെ സ്ട്രെച്ചറിൽ കിടത്തിയാണ് ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്. ശ്രീലങ്കൻ ഇന്നിങ്സിൽ പത്താം ഓവറിനിടെയാണ് കാലിൽ വേദനയുണ്ടെന്ന് താരം ടീം ഫിസിയോമാരെ അറിയിച്ചത്. നടക്കാൻ സാധിക്കാതെ വന്നതോടെ മുസ്തഫിസുറിനെ സ്ട്രെച്ചറിൽ എടുത്താണു കൊണ്ടുപോയത്.
താരലേലത്തിൽ രണ്ടു കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് വാങ്ങിയത്. മാര്‍ച്ച് 22ന് ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ഉദ്ഘാടന മത്സരത്തിൽ മുസ്തഫിസുറിനു കളിക്കാൻ സാധിക്കുമോയെന്നു വ്യക്തമല്ല.
പരുക്കേറ്റെങ്കിലും ബംഗ്ലദേശ് താരം ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേരും. ചൊവ്വാഴ്ച രാവിലെ താരം ഇന്ത്യയിലേക്കു തിരിച്ചു. ചെന്നൈ ബാറ്റർ ഡെവോൺ കോൺവെ പരുക്കിന്റെ പിടിയിലാണ്. വിരലിനു പരുക്കേറ്റ താരം ആദ്യ മത്സരം കളിക്കുമോയെന്ന് ഉറപ്പില്ല. ശ്രീലങ്കൻ ബോളർ മതീഷ പതിരാനയ്ക്കും പരുക്കുണ്ട്. പുതിയ സീസണിലും എം.എസ്. ധോണിക്കു കീഴിലാണ് ചെന്നൈ കളിക്കാനിറങ്ങുന്നത്. നിലവിലെ ചാംപ്യൻമാരായ ചെന്നൈ ആറാം കിരീടമാണു ലക്ഷ്യമിടുന്നത്.