പേരും ജഴ്സിയും മാറ്റി ആർസിബി; പുത്തൻ ‘ലുക്കിൽ’ കിരീടം ലക്ഷ്യമിട്ട് കോലിയും സംഘവും
Mail This Article
ബെംഗളൂരു∙ പുതിയ സീസണു മുന്നോടിയായി ജഴ്സിയും പേരും മാറ്റി റോയൽ ചാലഞ്ചേഴ്സ് ടീം. പേരിനൊപ്പമുള്ള ബാംഗ്ലൂർ മാറ്റി ബെംഗളൂരു എന്നാക്കി. ഇതോടെ ടീമിന്റെ പേര് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു എന്നാകും. ജഴ്സിയിൽ ചുവപ്പും കറുപ്പും നിറത്തിനു പകരും ചുവപ്പും കടുംനീല നിറവുമാക്കി. ചൊവ്വാഴ്ച ൈവകിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് പുതിയ ജഴ്സിയും പേരും അവതരിപ്പിച്ചത്.
പേരുമാറ്റം സൂചിപ്പിച്ച് ഒരാഴ്ചയായി ആർബിബിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകൾ വഴി പ്രമോഷൻ പരിപാടികളുണ്ടായിരുന്നു. 2014 നവംബർ 1ന് കർണാടക തലസ്ഥാത്തിന്റെ പേര് ബെംഗളൂരു എന്നാക്കിയതു മുതൽ ടീമിന്റെ പേരും മാറ്റണമെന്ന ആവശ്യവുമായി കന്നഡ ആരാധകർ രംഗത്തെത്തിയിരുന്നു.
ഐപിഎലിൽ ടീമിന്റെ പേര് മാറുന്നത് ഇതാദ്യമല്ല. മൂന്ന് വർഷം മുമ്പ് കിങ്സ് ഇലവൻ പഞ്ചാബ്, പഞ്ചാബ് കിങ്സായി മാറി, ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിന്റെ ഫ്രാഞ്ചൈസിയിലെ നിക്ഷേപത്തെ തുടർന്ന് ഡൽഹി ഡെയർഡെവിൾസ്, ഡൽഹി ക്യാപിറ്റൽസ് ആയി മാറി. ഹൈദരാബാദ് ടീമും ഉടകൾ മാറിയതിനു പിന്നാലെ ഡെക്കാൻ ചാർജേഴ്സിൽനിന്ന് സൺറൈസേഴ്സ് ഹൈദരാബാദായി.
പാട്ടും നൃത്തവും ജഴ്‌സി ലോഞ്ചും നടത്തിയ ചടങ്ങിൽ, വനിതാ ഐപിഎൽ ചാംപ്യൻമാരായ ഫ്രാഞ്ചൈസിയുടെ വനിതാ ടീമിന് പുരുഷ ടീം ഗാർഡ് ഓഫ് ഓണർ നൽകി. ആർസിബി ഫ്രാഞ്ചൈസിയുടെ ആദ്യ കിരീട നേട്ടമാണിത്. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് മാറ്റങ്ങളുമായി പുരുഷ ടീമും ഇത്തവണ ഇറങ്ങുന്നത്.