ചമ്മൽ നല്ലപോലെയുണ്ട്, ഇനിയെങ്കിലും ആ വാക്കു ചേർത്തു വിളിക്കല്ലേ: ആരാധകരോടു വിരാട് കോലി
Mail This Article
ബെംഗളൂരു∙ തന്നെ കിങ് കോലിയെന്നു വിളിക്കരുതെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനു മുന്നോടിയായി ആർസിബി അൺബോക്സ് പരിപാടിയിലാണ് വിരാട് കോലി നിലപാടു വ്യക്തമാക്കിയത്. പരിപാടിയിലെ അവതാരകനായ ഡാനിഷ് സെയ്തിനോടും ആരാധകരോടുമാണു കോലി തന്റെ ആവശ്യം ഉന്നയിച്ചത്. ആ വാക്കു കേൾക്കുമ്പോഴൊക്കെ തനിക്കു വല്ലാത്ത ചമ്മൽ അനുഭവപ്പെടുന്നുണ്ടെന്നും വിരാട് കോലി പ്രതികരിച്ചു.
2008 മുതല്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ കളിക്കുന്ന കോലിയെ ആരാധകർ ‘കിങ് കോലി’ എന്ന് സ്നേഹത്തോടെ വിശേഷിപ്പിക്കുന്നതു പതിവാണ്. ‘‘ഞങ്ങൾക്ക് ഉടൻ തന്നെ ചെന്നൈയിലേക്കു പോകേണ്ടതുണ്ട്. ചാർട്ടർ ഫ്ലൈറ്റ് പുറപ്പെടാൻ ഇരിക്കുകയാണ്. അതുകൊണ്ട് അധികം സമയമൊന്നുമില്ല. ആ വാക്ക് എന്നെ വിളിക്കുന്നതു നിർത്തണമെന്ന് ഞാൻ ആദ്യം തന്നെ ആവശ്യപ്പെടുകയാണ്.’’– വിരാട് കോലി വ്യക്തമാക്കി.
Read Also: ‘ഇത് പാക്കിസ്ഥാൻ സ്മോക്കിങ് ലീഗോ?’, ഫൈനലിനിടെ ഡ്രസിങ് റൂമിൽ പുകവലിച്ച് പാക്ക് താരം- വിഡിയോ
‘‘എന്നെ വിരാട് എന്നു മാത്രം വിളിക്കുക. എല്ലാ വർഷവും നിങ്ങൾ ആ വാക്കു പറയുന്നതു കേൾക്കുമ്പോൾ എനിക്കു ചമ്മലാണ്. അക്കാര്യം ഞാൻ ഫാഫ് ഡുപ്ലേസിയോടു പറഞ്ഞിട്ടുണ്ട്. ഇനി മുതലെങ്കിലും അങ്ങനെ വിളിക്കാതിരിക്കുക.’’– വിരാട് കോലി പറഞ്ഞു. മാർച്ച് 22ന് ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെയാണ് ആർസിബിക്കു നേരിടാനുള്ളത്.