24.75 കോടിക്ക് കൊൽക്കത്തയിലെത്തി, അടിവാങ്ങി മിച്ചൽ സ്റ്റാർക്ക്; 4 ഓവറിൽ വഴങ്ങിയത് 40 റൺസ്
Mail This Article
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഒരുക്കങ്ങളുടെ ഭാഗമായി നടത്തിയ സന്നാഹ മത്സരത്തിൽ ‘തല്ലുവാങ്ങി’ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾ രണ്ടു ടീമുകളായി പിരിഞ്ഞു നടത്തിയ മത്സരത്തില്‍ നാല് ഓവറുകൾ പന്തെറിഞ്ഞ സ്റ്റാർക്ക് വഴങ്ങിയത് 40 റൺസ്. ഒരു വിക്കറ്റ് മാത്രം സ്വന്തമാക്കാനാണു താരത്തിനു സാധിച്ചത്. വർഷങ്ങൾക്കു ശേഷം താരലേലത്തിൽ പങ്കെടുത്ത സ്റ്റാർക്കിനെ 24.75 കോടി രൂപ നൽകിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയത്.
Read Also: അരീന സബലെങ്കയുടെ കാമുകനെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്
മത്സരത്തിൽ ടീം പർപ്പിളിനു വേണ്ടി കളിച്ച സ്റ്റാർക്കിനെ ഗോൾഡ് താരങ്ങായ റിങ്കു സിങ്ങും മനീഷ് പാണ്ഡെയും അവസാന ഓവറിൽ വെള്ളം കുടിപ്പിച്ചു എന്നു തന്നെ പറയാം. അവസാന ഓവറിൽ 20 റൺസാണ് സ്റ്റാർക്ക് വഴങ്ങിയത്. മിഡ്‍വിക്കറ്റിനു മുകളിലൂടെ റിങ്കു സിങ് സ്റ്റാർക്കിനെ സിക്സർ പറത്തി. ബാറ്റിങ്ങിനിടെ 18 വയസ്സുകാരനായ ഇന്ത്യൻ താരം അങ്ക്രിഷ് രഘുവംശി സ്റ്റാർക്കിനെ തുടർച്ചയായി ബൗണ്ടറി കടത്തിയിരുന്നു.
ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരം. 2014, 2015 സീസണുകളിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ താരമായിരുന്നു മിച്ചൽ സ്റ്റാർക്ക്. 2018 ലെ ലേലത്തിൽ താരത്തെ കൊൽക്കത്ത വാങ്ങിയിരുന്നെങ്കിലും പരുക്കു കാരണം കളിക്കാന്‍ സാധിച്ചില്ല. അതിനു ശേഷം ഐപിഎൽ താരലേലത്തിൽ മിച്ചൽ സ്റ്റാർക്ക് പങ്കെടുത്തിരുന്നില്ല.